കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇതുസംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ സൂചന നൽകിയിരുന്നു. ലോക്സഭയിലേക്ക് കണ്ണൂരിൽ മത്സരിക്കാൻ ഏറ്റവും അർഹതയും വിജയ സാധ്യതയുമുള്ള സ്ഥാനാർത്ഥി കെ. സുധാകരനാണെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. ഏറ്റവും ഊർജ്വസ്വലനായ നേതാവാണ് സുധാകരനെന്നും മത്സരിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ തീരുമാനം മാത്രമേ അറിയേണ്ടതുള്ളൂ എന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇത് കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരിൽ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
അതേസമയം, മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും, മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞാൽ എളിയ പ്രവർത്തകനെന്ന നിലയിൽ അത് അംഗീകരിക്കുമെന്നും കെ. സുധാകരൻ ഫ്ളാഷിനോട് പറഞ്ഞു.
സംസ്ഥാന മന്ത്രി, എം.പി, എം.എൽ.എ എന്ന നിലയിൽ സുധാകരന്റെ പ്രവർത്തന മികവും നേതൃത്വം വിലയിരുത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുധാകരൻ 6566 വോട്ടുകൾക്കാണ് സി.പി.എമ്മിലെ പി.കെ. ശ്രീമതിയോട് പരാജയപ്പെട്ടത്. എന്നാൽ ഇതിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ സുധാകരൻ 43,151 വോട്ടുകൾക്ക് വിജയിച്ചിരുന്നു.
സംസ്ഥാന സർക്കാരിനെതിരായ വികാരവും ശബരിമല വിഷയവുമെല്ലാം അനുകൂലമാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
സുധാകരൻ മത്സരിക്കുമെന്ന് ഉറപ്പായതോടെ മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങാൻ അണികൾ തയ്യാറായിരിക്കുകയാണെന്ന് ചില നേതാക്കൾ വ്യക്തമാക്കി.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ആരെന്ന് അറിയാനുള്ള ആകാംഷയിലാണ് കണ്ണൂർ. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ മത്സരിക്കണമെന്ന ആഗ്രഹം വലിയ വിഭാഗം പ്രവർത്തകരിലുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കിൽ കണ്ണൂർ മണ്ഡലം വലിയ ശ്രദ്ധാകേന്ദ്രം തന്നെയാകും. നിലവിലെ എം.പി പി.കെ. ശ്രീമതി വീണ്ടും മത്സരിച്ചാലും തീപ്പാറുന്ന പോരാട്ടമായിരിക്കും നടക്കുക.