കൊല്ലം: അബ്‌കാരി കേസിൽ റിമാൻഡിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചടയമംഗലം ജംഗ്‌ഷനിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന ശരവണ കുമാറാണ് (45) ചികിത്സയിൽ കഴിയുന്നത്. ജനുവരി 30നാണ് ചടയമംഗലം എക്‌സൈസ് ശരവണകുമാറിനെ അറസ്‌റ്ര് ചെയ്യുന്നത്. ഹോട്ടലിന് മുകളിൽ ജോലിക്കാർ താമസിക്കുന്ന സ്ഥലത്ത് നിന്ന് ചെറിയ കുപ്പികളിലായി നിറച്ചുവച്ചിരുന്ന മൂന്ന് ലിറ്റർ മദ്യവുമായി പിടിച്ചെന്നാണ് കേസ്.
ഡ്രൈ ഡേയിൽ വിൽപ്പനയ്‌ക്ക് വച്ചിരുന്നതാണത്രെ ഈ മദ്യമെന്നും എക്‌സൈസ് പറയുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശരവണകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസമാണ് അവശനിലയിൽ ശരവണ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. മദ്യത്തിന് അടിമയായിരുന്ന ശരവണകുമാറിന് ജയിലിൽ മദ്യം കിട്ടാതെ വന്നപ്പോൾ ഉണ്ടായ മാനസിക വിഭ്രാന്തിയെയും ശാരീരിക പ്രശ്‌നങ്ങളെയും തുടർന്നാണ് ചികിത്സയ്‌ക്ക് വിധേയനാക്കിയതെന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ച് എക്‌സൈസ് ഇൻസ്‌പെക്‌ടർ മുഹമ്മദ് റാഫി പറഞ്ഞു.
എന്നാൽ 31ന് രാവിലെയാണ് ശരവണകുമാറിനെ എക്‌സൈസുകാർ പിടിച്ചതെന്ന് ഹോട്ടൽ ഉടമയായ സത്യൻ പറയുന്നു. മദ്യത്തിന് വിലക്കില്ലാതിരുന്ന ആ ദിവസം അനുവദനീയമായ അളവിൽ മാത്രമാണ് ശരവണ കുമാറിന്റെ പക്കൽ മദ്യമുണ്ടായിരുന്നതെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല എക്‌സൈസിനോട് ഒരു ബലപ്രയോഗത്തിനും മുതിരാതിരുന്ന ശരവണ കുമാറിനെ സംഭവ സ്ഥലത്തും എക്‌സൈസ് ഓഫീസിലും വച്ച് ഭീകര മർദ്ദനത്തിന് വിധേയമാക്കിയെന്നും ഹോട്ടൽ ഉടമ പറഞ്ഞു. ഹോട്ടൽ പരിസരം കേന്ദ്രീകരിച്ച് ഡ്രൈ ഡേകളിൽ മദ്യ വിൽപ്പനയുണ്ടെന്ന തെറ്റായ വിവരം ആരോ നൽകിയതിന്റെ അടിസ്ഥാനത്തിലുള്ള കള്ള കേസാണ് ശരവണ കുമാറിന്റെ പേരിലുള്ളതെന്ന ഉറച്ച നിലപാടിലാണ് സ്ഥാപന ഉടമ.