കോട്ടയം: തിരുവല്ലയിൽ നിന്നും ഡൽഹിക്ക് പഠനയാത്ര നടത്തിയ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ 30 അംഗ സംഘത്തെ കേരള എക്സ് പ്രസിൽ കൊള്ളയടിച്ചു. ഇന്ന് പുലർച്ചെ ഒന്നിനും രണ്ടിനുമിടയിൽ ട്രെയിൻ ഭോപ്പാലിൽ എത്തിയപ്പോഴാണ് സംഭവം. മിക്കവരുടെയും മൊബൈൽ ഫോണുകളും പണവും നഷ്ടമായിട്ടുണ്ട്.
ഇന്നലെയാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികൾ പഠനത്തിന്റെ ഭാഗമായി ഡൽഹിക്ക് പുറപ്പെട്ടത്. ഭോപ്പാലിൽ എത്തിയപ്പോൾ രണ്ടംഗ സംഘം ട്രെയിനിൽ കയറുകയായിരുന്നു. മിക്കവരും നല്ല ഉറക്കത്തിലായതിനാൽ വിവരം അറിഞ്ഞില്ല. ഉറങ്ങാതെ കിടന്ന ഒരു വിദ്യാർത്ഥിനി മൊബൈൽ ഫോൺ തെരഞ്ഞപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടൻ തന്നെ വിവരം ആർ.പി.എഫിനെ അറിയിച്ചു. എന്നാൽ യാതൊരു നടപടിയുമുണ്ടായില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.