നെടുമങ്ങാട്: കള്ളിക്കാട് ബി.ജെ.പി പ്രാദേശിക നേതാവും ജനം ടി.വി പ്രാദേശികലേഖകനുമായ വീരണകാവ് അരുവിക്കുഴി ആമ്പാടിയിൽ സി.പി ഷിജുരാജിന്റെ വീടിന് നേരെ അക്രമം. ഇന്നലെ രാത്രി പതിനൊന്നുമണിയോടെ പത്തോളം വരുന്ന അക്രമി സംഘമാണ് അക്രമം നടത്തിയതെന്ന് ഷിജുരാജ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വീടിന്റെ മുൻവശത്തെ ജനൽ ഗ്ളാസുകൾ തല്ലിതകർക്കുകയും വാതിൽ വെട്ടിപ്പൊളിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കില്ല. വിവരമറിഞ്ഞ് പൊലീസെത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളുകളായി തുടരുന്ന അക്രമങ്ങളുടെ തുടർച്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
സി.പി.എം പ്രദേശിക നേതാക്കളുടെയും ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റിന്റേയും വീടുകൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ അക്രമം നടന്നിരുന്നു. ഇതിൽ സമാധാന ചർച്ചകൾ തുടർന്ന് വരുന്നതിനിടെയാണ് ഇന്നലത്തെ അക്രമം. സംഭവത്തിൽ നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.