ff

നെയ്യാറ്റിൻകര: തൊണ്ടിവാഹനങ്ങളുടെ ശവപ്പറമ്പാണ് ഇന്ന് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ. അഞ്ഞൂറിലേറെ ബൈക്കുകളും കാറും ഓട്ടോറിക്ഷകളും കൊണ്ട് നിറഞ്ഞുകിടക്കുകയാണ് പൊലീസ് സ്റ്റേഷന്റെ പിന്നാമ്പുറം. വിവിധ കേസുകളിലായി പിടികൂടിയ വാഹനങ്ങൾ ആർ.ടി.ഒ പരിശോധനയ്ക്ക് ശേഷം ഫിറ്റനസ് സർട്ടിഫിക്കറ്റ് വാങ്ങി വിൽക്കാമെന്നിരിക്കെയാണ് നടപടികളുടെ നൂലാമാലകളുടെ പേരിൽ അധികൃതർ ഇതിനായി മിനക്കെടാൻ മടിക്കുന്നത്. അടുത്തിടെ പൊലീസ് സ്റ്റേഷനിലെ തൊണ്ടി വാഹനങ്ങളിൽ തീ കത്തി നശിച്ചതോടെ ഇവിടുത്തെ നാട്ടുകാരും ആശങ്കയിലാണ്. വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ ഇവിടം കാടും പടർപ്പുമേറി ഇഴജന്തുക്കളുടെ താവളമായിരിക്കുകയാണ്. വാഹനാപകടങ്ങളിൽപെടുന്നതും മറ്റ് അനധികൃത കടത്തുകൾക്ക് പിടിക്കപ്പെടുന്നതുമായ വാഹനങ്ങളുടെ കേസുകൾ ദീർഘകാലം നീളുന്നതിനാൽ ഇവയ്ക്ക് പെട്ടന്നൊരു മോചനവും സാദ്ധ്യമല്ല. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഇവിടെ നിന്നും മോഷണം പോയിട്ടുള്ളതായും പരാതിയുണ്ട്.