തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ബി.ജെ.പിയുടെ താഴെത്തട്ടിലുള്ള സംഘടനാ ദൗർബല്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാധിക്കാതിരിക്കാനും ഇക്കുറി വിജയം ഉറപ്പാക്കാനും പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ആർ.എസ്.എസ് നേരിട്ട് ഏറ്റെടുക്കുന്നു. തിരഞ്ഞെടുപ്പിൽ ബൂത്ത് തലം വരെയുള്ള പ്രവർത്തനം ആർ.എസ്.എസ് നിയന്ത്രണത്തിലായിരിക്കും. സ്ഥാനാർത്ഥി നിർണയത്തിലും സജീവ ഇടപെടൽ ഉണ്ടാകും.
കേരളത്തിൽ പല ബൂത്തുകളിലും ബി.ജെ.പി പ്രവർത്തനം സജീവമല്ലെന്ന തിരിച്ചറിവിലാണ് ആർ.എസ്.എസ് നീക്കം. നിർണായക തിരഞ്ഞെടുപ്പായതിനാൽ കേരളത്തിൽ നിന്ന് സീറ്റ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ സൂചന ബി.ജെ.പി നേതൃത്വത്തിന് നൽകിയിട്ടുണ്ട്.
ശബരിമല പ്രക്ഷോഭ സമയത്തും ബി.ജെ.പി കീഴ് ഘടകങ്ങൾ സജീവമായിരുന്നില്ല. സാധാരണക്കാരുടെ ഇടയിലിറങ്ങി യുവതീ പ്രവേശനത്തിനെതിരായി ഒപ്പുശേഖരിക്കണമെന്ന് ബി.ജെ.പി തീരുമാനിച്ചിരുന്നെങ്കിലും സംഘടനാപരമായ ദൗർബല്യം കാരണം കഴിഞ്ഞിരുന്നില്ല. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും സാധിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. ഈ സാഹചര്യത്തിലാണ് ബി.ജെ.പിയെ വിശ്വസിച്ച് അവസാന സമയത്ത് മാത്രം തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങിയാൽ എല്ലാം അവതാളത്തിലാകുമെന്ന് ആർ.എസ്.എസിന് ബോദ്ധ്യപ്പെട്ടതത്രേ.
തങ്ങളുടെ പ്രചാരകരായ ബി.ജെ.പി സംഘടനാ സെക്രട്ടറിമാരിലൂടെയാണ് ആർ.എസ്.എസ് സാധാരണയായി പ്രവർത്തിക്കുക. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിൽ മാത്രമാകും ബി.ജെ.പി സ്ഥാനാർത്ഥികൾക്കായി വോട്ട് പിടിക്കാൻ ആർ.എസ്.എസ് ഇറങ്ങുക. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊക്കെ ഇതായിരുന്നു രീതി. അതിന് മാറ്റം വരുത്തിയാണ് ഇക്കുറി എല്ലാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ആർ.എസ്.എസ് നേരിട്ട് ഏറ്രെടുക്കുന്നത്. ഇതിനായി ആർ.എസ്.എസ് നേതൃത്വം പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതായും സൂചനയുണ്ട്. നേരത്തെതന്നെ ഓരോ ലോക്സഭാ മണ്ഡലത്തിലും സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ആർ.എസ്.എസ് പരിവാർ നേതാക്കൾക്ക് ചുമതല നൽകിയിരുന്നു.
പ്രൗഢ ശാഖകൾ
ജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലാൻ സജീവമായി രംഗത്തില്ലാത്ത മുതിർന്ന പ്രവർത്തകരെക്കൂടി ഉൾപ്പെടുത്താനും ആർ.എസ്.എസ് തീരുമാനമുണ്ട്. ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രൗഢ ശാഖകൾ സജീവമാക്കും. വീടുവീടാന്തരമുള്ള സമ്പർക്ക് പ്രവർത്തനത്തിന് നേതൃത്വം നൽകുകയാവും മുതിർന്ന പ്രചാരകരുടെ ചുമതല. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ഉറപ്പു വരുത്തുക, പുതിയ വോട്ടർമാരെ ചേർക്കുക, മരിച്ചുപോയ ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി എന്ന് ഉറപ്പു വരുത്തുക തുടങ്ങിയ പ്രാഥമിക പ്രവർത്തനങ്ങൾ ബി.ജെ.പിക്ക് സമാന്തരമായി ചെയ്യാൻ ആർ.എസ്.എസ് കീഴ് ഘടകങ്ങളോട് നിർദ്ദേശിച്ച് കഴിഞ്ഞു.
സ്ഥിരം മുഖങ്ങൾ വേണ്ട
മിക്ക തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയിൽ നിന്ന് മത്സരിക്കുന്ന സ്ഥിരം മുഖങ്ങളിൽ പലരും വേണ്ടെന്നാണ് ആർ.എസ്.എസ് നിർദേശം. കഴിഞ്ഞ ദിവസം ഓച്ചിറയിൽ ചേർന്ന ആർ.എസ്.എസ് നേതൃശിബിരത്തിൽ ബി.ജെ.പി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി രാംലാൽ സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് ചർച്ച നടത്തിയെന്നാണ് വിവരം.