തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ അപ്രഖ്യാപിത 'കുടിവെള്ള മുടക്ക'ത്തിൽ ജനറൽ ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും വലഞ്ഞു. നഗരത്തിലെ പല സ്ഥലങ്ങളിലും കുടിവെള്ള വിതരണത്തിന് തടസം നേരിടുന്നുണ്ട്. ആഴ്ചകളായി ജനറൽ ആശുപത്രിയിൽ കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്നുണ്ടെങ്കിലും ഇന്നലെയോടെ സ്ഥിതി രൂക്ഷമായി. ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുപ്പിവെള്ളത്തെയാണ് രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിച്ചത്. ആശുപത്രി വളപ്പിലെ കിണറിൽ നിന്ന് വെള്ളം ലഭിക്കുന്ന രണ്ട് വാർഡുകളൊഴികെ ഐ.സി, ഡയാലിസിസ്, ഓപ്പറേഷൻ തിയേറ്റർ, ലബോറട്ടറി, ഒരു ഡസനോളം വാർഡുകൾ എന്നിവയുടെയെല്ലാം പ്രവർത്തനം ദിവസങ്ങളായി അവതാളത്തിലാണ്. ടോയ്‌ലറ്റുകളുൾപ്പെടെ വൃത്തിഹീനമായതിനാൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ രോഗികളും കഷ്ടത അനുഭവിക്കുകയാണ്. പൈപ്പ്‌ലൈൻ കണക്ഷനായി വർഷങ്ങൾക്ക് മുമ്പ് അപേക്ഷ നൽകിയിരുന്നു. എന്നാൽ​ റോഡു മുറിച്ച് കണക്ഷൻ നൽകുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് ആശുപത്രിയിലെ കുടിവെള്ളക്ഷാമത്തിന് കാരണം. പ്രശ്നം രൂക്ഷമായതോടെ സ്വകാര്യ ഏജൻസികളെ ആശുപത്രി അധികൃതർ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. രോഗികൾക്ക് കുടിക്കാനും ശസ്ത്രക്രിയയ്ക്കും ലബോറട്ടറി, ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനത്തിനും ശുദ്ധജലം ആവശ്യമാണ്. ഈ സ്ഥിതി തുടർന്നാൽ ലബോറട്ടറിയും ഡയാലിസിസ് യൂണിറ്റും തിയേറ്ററും അടച്ചിടേണ്ടിവരും. വെള്ളമില്ലാത്തതിനാൽ കഴിഞ്ഞ ദിവസം ലാബിന്റെ പ്രവർത്തനം മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. ആശുപത്രിയിലെ കാന്റീനിന്റെ പ്രവർത്തനവും ഏതാണ്ട് നിലച്ച മട്ടിലാണ്.

നഗരത്തിൽ പലയിടത്തും രൂക്ഷമായ കുടിവെള്ളക്ഷാമം കാരണം ജനങ്ങൾ നട്ടം തിരിയുകയാണ്. തിരുമല,​ കിള്ളിപ്പാലം ബണ്ട്റോഡ്,​ മരുതൂർക്കടവ്,​ കുര്യാത്തി,​ കരുമം തുടങ്ങിയിടങ്ങളിലെല്ലാം അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. ഇവിടങ്ങളിലെല്ലാം പഴയ ലൈനുകൾ മാറ്റി പുതിയ ലൈനുകൾ സ്ഥാപിക്കുകയാണ്. ആനയറ,​ കല്ലുംമൂട്,​ പമ്പ് ഹൗസ് എന്നിവിടങ്ങളിലും ജലക്ഷാമമുണ്ട്. നേരത്തേ ഇവിടങ്ങളിൽ പകൽ സമയത്ത് വെള്ളം കിട്ടാതിരുന്നെങ്കിലും രാത്രി ലഭിക്കുമായിരുന്നു. എന്നാൽ അടുത്തിടെ രാത്രിയിലും വെള്ളം ലഭിക്കാതെ വന്നതോടെ സ്ഥിതി ഗുരുതരമായി.

വാട്ടർ അതോറിട്ടിയുടെ ലൈനുകളിൽ പണി നടക്കുന്നതും അരുവിക്കരയിലെ പമ്പ് ഹൗസിലുണ്ടായ വൈദ്യുതി തകരാറുമാണ് നഗരത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാക്കിയത്. ജലവിതരണം സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നതിനാൽ വരും ദിവസങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായേക്കും.
ജലക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ടാങ്കറിൽ ജലം എത്തിക്കുന്നുണ്ടെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു. ആവശ്യം അനുസരിച്ച് 2000 മുതൽ 10,​000 ലിറ്റർ വെള്ളം വരെ എത്തിക്കുന്നുണ്ട്. ആശുപത്രികൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. ജലക്ഷാമമുള്ള സ്ഥലങ്ങൾക്ക് വാട്ടർ അതോറിട്ടിയുടെ ഹെൽപ്‌ലൈൻ നമ്പരായ 2322674ൽ ബന്ധപ്പെടാം.