ksrtc

സംഭവം ഈ അടുത്ത കാലത്താണ്. കോതമംഗലത്തു നിന്ന് തിരുവനന്തപുരത്തേക്ക് ഒരു സൂപ്പർ എക്സ്‌പ്രസ് ബസ് സർവീസ് തുടങ്ങി. എന്നും രാവിലെ 6.30ന് പുറപ്പെടും. മൂവാറ്റുപുഴ , പെരുമ്പാവൂർ ഡിപ്പോകളിൽ നിന്ന് തിരുവനന്തപുരത്തേക്കുണ്ടായിരുന്ന രണ്ട് വീതം സൂപ്പർ എക്സ്‌പ്രസ് സർവീസുകൾ അതിനു മുമ്പു തന്നെ റദ്ദു ചെയ്തിരുന്നു. അത് പുനസ്ഥാപിക്കാതെയാണ് ഷെഡ്യൂൾ പുന ക്രമീകരണമെന്ന പേരിൽ കോതമംഗലത്തു നിന്നു പുതിയ സൂപ്പർ എക്സ്‌പ്രസിന്റെ തുടക്കം. അതിന്റെ ഗുട്ടൻസ് പിന്നീടാണ് പാട്ടായത്. ഒരു പ്രമുഖ യൂണിയൻ നേതാവിന് വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് എന്നും പോകാനുള്ള സൗകര്യത്തിനാണത്ര ഈ സർവീസ് .. കെ.എസ്.ആർ.ടി.സിയുടെ ഡ്യൂട്ടി പരിഷ്കാരങ്ങളൊക്കെ അശാസ്ത്രീയമെന്നു മാത്രം വിശേഷിപ്പിച്ച് ശീലിച്ചുപോയ നേതാവാണ് ഇദ്ദേഹം എന്നത് മറ്റൊരു കൗതുകം.

കെ.എസ്.ആർ.ടി.സിക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന സർവീസുകളാണ് ബംഗളൂരുവിലേക്കുള്ളത്. ഒരു മുൻ എം.ഡിയുടെ മകൻ കർണ്ണാടകയിലെ കോളേജിൽ പഠിക്കുന്ന കാലം. മകന് കോളേജിൽ പോകാൻ സൗകര്യത്തിന് ബംഗളൂരു സർവീസുകളിലൊന്ന് 20 കിലോമീറ്റർ അധികം ഓടി കോളേജ് വഴിയാണ് കുറച്ചു നാൾ സർവീസ് നടത്തിയത്. കോർപ്പറേഷനെ മുതലെടുക്കുന്നവർ യൂണിയൻ നേതാക്കൾ മാതമല്ലെന്ന് ഇതിൽ നിന്ന് വ്യക്തം..

പതിന്നാല് ജില്ലകൾ മാത്രമുള്ള കൊച്ചു കേരളത്തിന് എന്തിനാണ് 93 കെ.എസ്.ആർ.ടി.സി ഡിപ്പോകൾ? .ചോദിച്ചത് കെ.എസ്.ആർ.ടി.സിയെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ പ്രൊഫ. സുശീൽ ഖന്നയാണ്. ഇതിൽ 35 ഡിപ്പോകൾ തൊഴിലാളികൾക്ക് തൊഴിൽ നൽകാനായി മാത്രം ഉപയോഗിക്കുന്നവയാണ്.

50ൽ താഴെ സർവീസുകളാണ് ഇവിടെ ഓപ്പറേറ്റു ചെയ്യുന്നത്. ഇത്തരം ഡിപ്പോകളേയും വർക്ക് ഷോപ്പുകളേയും യോജിപ്പിച്ചാൽ മാത്രം പ്രതിവർഷം കോർപ്പറേഷന് 219.24 കോടി രൂപ ലാഭിക്കാൻ കഴിയുമെന്നും സുശീൽഖന്ന കണ്ടെത്തി. പുതുതായി ഒരു ഡിപ്പോ തുടങ്ങുമ്പോൾ സാധാരണക്കാരൻ ചിന്തിക്കുന്നത് അതോടെ ആ നാട്ടിലെ യാത്രാക്ളേശം തീരുമെന്നാണ്. എന്നാൽ മിക്കപ്പോഴും പുതിയൊരു സർവീസ് പോലും തുടങ്ങാറില്ല. തുടങ്ങുന്ന സർവീസുകൾ ഏതെങ്കിലും പഴയ സർവീസിനു പകരമായിരിക്കും. നേരത്തെയുണ്ടായിരുന്ന ബസുകൾ തന്നെ ഡ‌ിപ്പോയിൽ ഒന്നു കയറിയിറങ്ങിപ്പോകും അത്ര തന്നെ. നേട്ടം ജീവക്കാർക്കാണ്. കുറെയേറെ പ്രൊമോഷൻ തസ്തികകൾ സൃഷ്ടിക്കപ്പെടും.

38 ഡിപ്പോകളിൽ ഓപ്പറേറ്റ് ചെയ്യുന്നത് 45 ബസുകൾ വീതം മാത്രമാണ്. ആ ഡിപ്പോകളിലെ ജീവനക്കാരുടെ കണക്ക് ഇങ്ങനെ- ഒരു എ.ടി.ഒ, രണ്ട് കൺട്രോളിംഗ് ഇൻസ്പെക്ടർ, മൂന്ന് സ്റ്റേഷൻ മാസ്റ്റർ, രണ്ട് സൂപ്രണ്ട്, 19 മിനിസ്റ്റീയൽ സ്റ്റാഫ്, നാല് സെക്യൂരിറ്റി, ഒരു എ.ഡി.ഇ, രണ്ട് ചാർജ്മാൻ, 27 മെക്കാനിക്കുകൾ, 17 വാർക്‌ഷോപ്പ് ജീവനക്കാർ, 124 വീതം കണ്ടക്ടർമാരും ഡ്രൈവർമാരും. ഇങ്ങനെയുള്ള ഡിപ്പോയെ ഓപ്പറേറ്റിംഗ് സ്റ്റേഷനായി മാത്രം മാറ്റുമ്പോൾ കണ്ടക്ടർ-, ഡ്രൈവർ എണ്ണം കുറയില്ല.മിനിസ്റ്റിരിയൽ സ്റ്റാഫ് മൂന്നു പേർ മാത്രം മതി. എ.ടി.ഒയും ഇൻസ്പെക്ടർമാരും ഒന്നും വേണ്ട. രണ്ട് സ്റ്റേഷൻ മാസ്റ്ററും മൂന്നു സെക്യൂരിറ്റിക്കാരും 18 മെക്കാനിക്കുകളും മതി. ശമ്പളമിനത്തിൽ പ്രതിമാസ ലാഭം 32.13 ലക്ഷം രൂപ. പക്ഷേ, കോർപ്പറേഷന് ലാഭം കിട്ടുന്ന ഇത്തരം ഏർപ്പാടുകൾക്കൊക്കെ ഇടങ്കോലിയുന്നത് യൂണിയൻകാരാണ്.

പണപ്പിരിവില്ല?. പിന്നെന്ത് യൂണിയൻ പ്രവർത്തനം!

സി.എംഡി സ്ഥാനത്ത് നിന്ന് ടോമിൻ തച്ചങ്കരി മാറിയതിന് പിന്നാലെ കെ.എസ്.ആർ.ടി.സി യിൽ തൊഴിലാളി സംഘടനകൾ പണപ്പിരിവ് ഉഷാറാക്കിത്തുടങ്ങി. . തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് പണം വരുമ്പോൾ തന്നെ മാസവരി യൂണിയൻകാർ പിടിച്ചെടുക്കുകയാണ്. അതിനുള്ള സംവിധാനം ബാങ്കുകൾ വഴി സെറ്റപ്പാക്കിയിട്ടുണ്ട്. നിർബന്ധിത പിരിവിനെതിരെ ജീവനക്കാരിൽ നിന്ന് പരാതിയുണ്ടായതിനെ തുടർന്ന് തച്ചങ്കരി ബാങ്ക് അധികൃതരുമായി സംസാരിക്കുകയും . അനുവാദമില്ലാതെ പണം ഈടാക്കുന്ന പരിപാടി നിറുത്തി വയ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ പണം പിരിച്ചെടുക്കുന്നതിന്റെ പ്രയോജനം യൂണിയനുകളുടെ തലപ്പത്തുള്ളവർക്ക് വരെയുണ്ട്.

താത്കാലികക്കാരേയും വെറുതെ വിടില്ല

8500 താത്കാലിക ജീവനക്കാരിൽ നിന്ന് പ്രതിമാസം മാസവരിയായും മറ്റും തൊഴിലാളി സംഘടനകൾ കൈക്കലാക്കുന്നത് പത്തുലക്ഷം രൂപ. 650 രൂപയാണ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം. എന്നാൽ താത്കാലിക ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സി നൽകുന്നത്. 480 രൂപ . ഇതിൽ നിന്നാണ് സംഘടനകൾ കൈയ്യിട്ടു വാരുന്നത്.

ഡിപ്പോകളിലെ ഡ്യൂട്ടി വിഭജനത്തിലും താത്കാലിക ജീവനക്കാരെ മിക്കപ്പോഴും അടിമപ്പണിക്കാരായിട്ടാണ് കാണുന്നത്. വലിയ അദ്ധ്വാനമൊന്നും വേണ്ടാത്ത ഡ്യൂട്ടികൾ സ്ഥിരം ജീവനക്കാർക്കുള്ളതാണ്. അത്തരം ഡ്യൂട്ടികളെ അലുവാ ഡ്യൂട്ടികളെന്നാണ് വിളിക്കുന്നത്. ഡ്രൈവറും കണ്ടക്ടറും കൊതുകുകടിയും കൊണ്ട് വല്ലയിടത്തും കിടന്ന് ഉറങ്ങേണ്ടി വരുന്ന സ്റ്റേ ഡ്യൂട്ടികളും, അസമയത്ത് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ഡ്യൂട്ടികളും താത്കാലികക്കാരെ ഏൽപ്പിക്കും. തിരക്കുള്ള സമയത്തെ സ്‌പെഷ്യൽ ഡ്യൂട്ടികളും ചെയ്യണം.

താത്കാലിക ജീവനക്കാരന് ഡ്യൂട്ടിക്കിടെ അപകടമരണം സംഭവിച്ചാൽ ലഭിക്കുക ആകെ പതിനായിരം രൂപ. മറ്റ് ആനുകൂല്യങ്ങൾക്കൊന്നും അർഹതയുമില്ല.

ആ വിരട്ടൽ ഏറ്റു!

താത്കാലിക കണ്ടക്ടർമാരെ പിരിച്ചു വിട്ടപ്പോൾ അംഗീകൃത തൊഴിലാളി സംഘടനാ നേതാക്കൾ പ്രത്യക്ഷ സമരത്തിനൊന്നും മുതിർന്നില്ല. റിസർവേഷൻ കൗണ്ടർ കുടുംബശ്രീയെ ഏൽപ്പിക്കുന്നതിനെതിരെ മിന്നൽ പണിമുടക്ക് നടത്തിയവർ തങ്ങൾ പെരുവഴിയിലായിട്ടും രംഗത്തിറങ്ങാതായപ്പോൾ പിരിവിന്റെ കണക്ക് പുറത്തുവിടുമെന്ന് ജോലി നഷ്ടപ്പെട്ടവർ പറഞ്ഞു. ആ വിരട്ടൽ ഏറ്റു. ഇപ്പോൾ എംപാനൽ സമരപ്പന്തലിൽ ഇടയ്ക്കെങ്കിലും സംഘടനാ നേതാക്കൾ എത്തുന്നുണ്ട്. തങ്ങളുടെ സങ്കടങ്ങൾ മാദ്ധ്യമങ്ങളാണ് പുറത്തുകൊണ്ടു വരുന്നതെന്നാണ് സമരം ചെയ്യുന്ന എംപാനലുകാർ പറയുന്നത്. എന്നാൽ സമരവേദിയിൽ പ്രസംഗിക്കാനെത്തിയ ഒരു നേതാവിന് അതിഷ്ടപ്പെട്ടില്ല. മാദ്ധ്യമ പ്രവർത്തകർ നുണ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആ വേദിയിൽ വച്ചു തന്നെ പറഞ്ഞു.