തിരുവനന്തപുരം: അംഗീകാരമുള്ള അൺഎയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്ക് മിനിമം വേതനം ഉറപ്പാക്കാനും തൊഴിൽ ചൂഷണം തടയാനും നിയമനിർമ്മാണം നടത്തുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയിൽ അറിയിച്ചു. കേരളാ പെയ്‌മെന്റ് ഒഫ് മിനിമം വേജസ് ടു ടീച്ചേഴ്‌സ് ഒഫ് അൺ എയിഡഡ് ഇൻസ്റ്റിറ്റ്യൂഷൻ എന്ന ബില്ലിന്റെ കരടിൻമേൽ വിദ്യാഭ്യാസ വകുപ്പിന്റെയും നിയമ വകുപ്പിന്റെയും അഭിപ്രായം പരിശോധിക്കുകയാണെന്ന് പി.കെ. ശശിയുടെ സബ്മിഷന് മറുപടിയായി മന്ത്റി പറഞ്ഞു. അംഗീകാരമുള്ള അൺ എയിഡഡ് സ്ഥാപനങ്ങളിലെ അനദ്ധ്യാപകർക്ക് മിനിമം വേതനം ഉറപ്പുവരുത്താൻ സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്റി അറിയിച്ചു.
സ്‌കൂളുകളിലെ പാചകത്തൊഴിലാളികൾക്ക് മിനിമം വേജസ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ സർക്കാർ പരിശോധിച്ചുവരികയാണ്. ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്രത്തിന്റെ 600 രൂപയും സംസ്ഥാന വിഹിതമായ 400 രൂപയും ചേർത്ത് പ്രതിമാസം 1000 രൂപയാണ് നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ സംസ്ഥാനത്ത് സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് പ്രതിമാസം കുറഞ്ഞത് 8000 രൂപ മുതൽ 9500 രൂപവരെ ലഭിക്കുന്നുണ്ടെന്നും മന്ത്റി അറിയിച്ചു.