atl07fa

ആ​റ്റിങ്ങൽ: ശ്രീപാദം സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകാത്തത് സ്റ്റേഡിയം നവീകരണത്തിന് തടസം സൃഷ്ടിക്കുന്നു. മേനംകുളത്തെ സ്പോർട്സ് വില്ലേജിലേക്ക് മണ്ണ് മാറ്റാനുളള കരാർ നടപടികൾ പൂർത്തിയായതാണെങ്കിലും ജിയോളജി വകുപ്പിന് അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അനുമതി ലഭിച്ചിട്ടില്ല.

ഫുട്ബാൾ മൈതാനത്തിന്റെയും സിന്തറ്റിക്ക് ട്രാക്കിന്റെയും നിർമ്മാണപ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരുന്നത്. ദേശീയ ഗെയിംസ് മത്സരങ്ങൾക്കായി സ്റ്റേഡിയം സജ്ജമാക്കിയതിനാൽ നേരത്തെ നടത്തിയിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തകരാറിലായിരുന്നു. ബി. സത്യൻ എം.എൽ.എയുടെ ഇടപെടലുകൾ മൂലമാണ് പുതിയനിർമ്മാണ പദ്ധതികൾ അനുവദിച്ചത്. 9 കോടിയോളം രൂപ ചെലവിട്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ഫുട്ബാൾ മൈതാനത്തിന് നിലമൊരുക്കാനായി മാറ്റിയ മണ്ണ് മുഴുവൻ സ്‌​റ്റേഡിയത്തിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത് മൂലം മൈതാനത്തിനായുളള പുല്ല് വെച്ചുപിടിപ്പിക്കാനാകുന്നില്ല. മൈതാനത്തോട് ചേർന്നുളള ഓടയുടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇതിന് വെളിയിലായിട്ടാണ് സിന്ത​റ്റിക് ട്രാക്ക് നിർമ്മിക്കേണ്ടത്. ട്രാക്കിന് പുറത്ത് മറ്റൊരു ഓട കൂടി നിർമ്മിക്കേണ്ടതുണ്ട്. ഇത് നിർമ്മിച്ചാൽ മണ്ണ് കൊണ്ടുപോകുന്നതിനുളള ലോറികൾക്ക് ഈ ഭാഗത്തേക്ക് കടക്കാനാവില്ല. ഇതൊഴിവാക്കാനാണ് ജിയോളജി വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്.

പലയിടങ്ങളിലേക്ക് മണ്ണ് മാറ്റിയിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. അനുമതി ലഭിക്കാൻ വൈകുന്നത് ട്രാക്കിന്റെ നിർമ്മാണപ്രവർത്തനങ്ങളെ ബാധിച്ചിട്ടുമുണ്ട്. നിലമൊരുക്കി മെ​റ്റൽ പാകി ടാർ ചെയ്തശേഷമേ സിന്ത​റ്റിക് ട്രാക്ക് ഒരുക്കാൻ സാധിക്കൂ. സിന്ത​റ്റിക് സ്​റ്റേഡിയത്തിലെത്തിയിട്ട് മാസങ്ങളായി. യഥാസമയം ഉപയോഗിച്ചില്ലെങ്കിൽ ആയിനത്തിലും നഷ്ടമുണ്ടാകും. നിർമ്മാണപ്രവർത്തനങ്ങൾ വേനൽക്കാലത്ത് പൂർത്തിയാക്കാ നായില്ലെങ്കിൽ ടാറിംഗ് ഉൾപ്പെടെയുള്ള നടപടികൾക്കായി മഴക്കാലം തീരുന്നതുവരെ കാത്തിരിക്കേണ്ടിവരും.

അധികൃതരുടെ നിർദ്ദേശത്തെത്തുടർന്ന് ട്രാക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ, വശങ്ങളിലെ മണ്ണ് അതേപടി നിലനിറുത്തിക്കൊണ്ട് ട്രാക്ക് നിർമ്മിച്ചാൽ മഴക്കാലത്ത് മണ്ണ് ട്രാക്കിലേയ്‌ക്കൊഴുകിയിറങ്ങി സ്റ്റേഡിയം നശിക്കും. മാത്രമല്ല ഓടകളിൽ മണ്ണ് നിറഞ്ഞ് മൈതാനമുൾപ്പെടെ ഉപയോഗശൂന്യമാകുകയും ചെയ്യും. സ്റ്റേഡിയം നവീകരണത്തിന് തടസമായ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.