kerala-assembly

ഇളവുകൾക്ക് ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയപാതയ്‌ക്ക് സ്ഥലമെടുക്കാനുള്ള സംസ്ഥാന പാക്കേജ് കേന്ദ്രം അംഗീകരിക്കണമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ ഭൂമിവില കൂടുതലാണെന്നാണ് കേന്ദ്രനിലപാടെന്നും കേന്ദ്രപാക്കേജിൽ ഉൾപ്പെടാത്ത കച്ചവടക്കാർക്കും വാടകക്കാർക്കും ഇളവുകൾ നേടാൻ സമ്മർദ്ദം ചെലുത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാം വട്ടം ഭൂമി നൽകുന്നവർക്ക് പ്രത്യേക പാക്കേജിന് ശ്രമിക്കും. എല്ലാ ബാദ്ധ്യതയും സംസ്ഥാനത്തിന് ഏറ്റെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂമിയേറ്റെടുപ്പിനുള്ള നഷ്ടപരിഹാരം അപൂർണമാണെന്നും അലൈൻമെന്റിൽ അശാസ്ത്രീയതയുണ്ടെന്നും ചൂണ്ടിക്കാട്ടി വി.ഡി.സതീശനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.

ദേശീയപാത വികസനത്തിന്റെ ബാദ്ധ്യത കേന്ദ്രം വഹിക്കണമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. രണ്ട് റീച്ചിൽ സ്ഥലമെടുപ്പ് പൂർത്തിയാക്കി ടെൻഡർ വിളിച്ചിട്ട് ഒന്നേകാൽ വർഷമായിട്ടും ടെൻഡർ തുറന്നിട്ടില്ല. നിസാര കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയാണെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കാസർകോട്ടെ ഉയർന്ന ഭൂമിവില ചൂണ്ടിക്കാട്ടി കേരളത്തിൽ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് ഒരുഘട്ടത്തിൽ കേന്ദ്രം നിലപാടെടുത്തെന്നും തർക്കമായപ്പോൾ കേന്ദ്രപാക്കേജിൽ കൂടുതലുള്ള പണം സംസ്ഥാനം നൽകണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഒത്തുതീർപ്പു ഫോർമുല വച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ഇത് നിരാകരിച്ചു. റോഡരികിൽ ഏറ്റെടുത്തിരുന്ന സ്ഥലം നൽകാമെന്ന് സർക്കാർ പറഞ്ഞെങ്കിലും കേന്ദ്രം സമ്മതിച്ചില്ല - മുഖ്യമന്ത്രി പറഞ്ഞു.

സ്ഥലം നൽകുന്നവർക്ക് മികച്ച നഷ്ടപരിഹാരം ലഭിക്കുമെന്ന് മന്ത്രി സുധാകരൻ വിശദീകരിച്ചു. 83സെന്റിന് 2009ലെ നിയമപ്രകാരം 1.65 കോടി ലഭിച്ചിടത്ത് ഇപ്പോൾ 10.75 കോടി കിട്ടും. ഒരു സെന്റിന് 5.60ലക്ഷമായിരുന്നത് 12.87ലക്ഷമായി. അതായത് ഒരു സെന്റിന് 7.27ലക്ഷം അധികം കിട്ടും. ഈ പാക്കേജ് പ്രകാരം 625കിലോമീറ്ററിൽ സംസ്ഥാനം സ്ഥലമെടുത്താൽ ദേശീയപാതയ്‌ക്ക് ചെലവാകുന്നതിനെക്കാൾ കൂടുതൽ പണം മുടക്കേണ്ടിവരും. ദേശീയപാത അതോറി​ട്ടി നടപ്പാക്കേണ്ട 5000 കോടിയുടെ പദ്ധതി കേരളം നടപ്പാക്കുകയാണ് - മന്ത്രി പറഞ്ഞു.

എല്ലാ ഭൂമിയേറ്റെടുക്കലിനും സംസ്ഥാനത്തിന്റെ പാക്കേജ് ബാധകമാണെന്നാണ് നിയമമെന്ന് വി.ഡി.സതീശൻ പറഞ്ഞു. നഷ്ടപരിഹാരത്തിൽ ആകെ അവ്യക്തതയാണ്. ഇരുവശത്തും ഏഴരമീറ്റർ എന്നുപറഞ്ഞിട്ട് ഒരുവശത്ത് 30മീറ്റർ വരെ സ്ഥലമെടുക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ യോഗംവിളിച്ച് സ്ഥലമെടുപ്പ് സുഗമമാക്കണമെന്നും ദേശീയപാത അതോറിട്ടിയോട് അശാസ്ത്രീയ സ്ഥലമെടുപ്പിന് വിശദീകരണം തേടണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

കൊച്ചി മെട്രോയ്‌ക്ക് സ്ഥലമെടുപ്പിനുള്ള പാക്കേജ് നടപ്പാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചില സംഘടനകൾ സ്ഥലമെടുപ്പ് തടയുന്നു. രണ്ട് വശത്തു നിന്നും തുല്യമായി ഭൂമിയെടുക്കുമെന്ന തീരുമാനം സ്വാധീനം കാരണം മാറ്റരുത്. കേന്ദ്രം അനുഭാവം കാട്ടണം. ഭൂമിയേറ്റെടുക്കൽ സർക്കാർ അനുഭാവപൂർവം പരിഗണിച്ചതിനാൽ വാക്കൗട്ട് ഒഴിവാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.