palode

നെടുമങ്ങാട് : മദ്ധ്യവേനൽ അവധിക്കാലത്തെ സീസൺ തുടങ്ങാൻ ഒരു മാസം കൂടി വിനോദ സഞ്ചാര കേന്ദ്രമായ അരുവിക്കരയിലേക്കുള്ള പ്രധാന റോഡിന്റെ വികസനം ഇപ്പോഴും കടലാസിൽ തന്നെ ഒതുങ്ങുകയാണ്.

നെടുമങ്ങാട് നിന്ന് മഞ്ച വഴി അരുവിക്കരയ്ക്കുള്ള പത്തര കിലോമീറ്റർ റോഡിന്റെ നവീകരണം എങ്ങുമെത്തിയിട്ടില്ല. ഇടുങ്ങിയ റോഡിൽ എതിരെ വരുന്ന വാഹനത്തിന് കടന്നുപോകാനുള്ള സ്ഥലമില്ല. ഓട മണ്ണു മൂടിയതോടെ മഴവെള്ളം ഒലിച്ച് ചാലുവീണ റോഡിൽ പലയിടത്തും ടാറിന്റെ അംശം കാണാൻ പോലുമില്ല. ഗട്ടറുകളിൽ വീണ് നടുവൊടിഞ്ഞാണ് സഞ്ചാരികളുടെ യാത്ര. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് വികസനത്തിന് 42 കോടി രൂപയുടെ അംഗീകാരം രണ്ടു വർഷം മുമ്പ് ലഭിച്ചെങ്കിലും ലാൻഡ് സർവേ നടപടികൾ ഇതേവരെ പൂർത്തിയായിട്ടില്ല. ഒന്നരവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കണമെന്നിരിക്കെയാണ് സ്ഥലമെടുപ്പ് അനന്തമായി നീളുന്നത്. കാര്യമായ തടസ്സവാദങ്ങളോ പ്രതിഷേധങ്ങളോ ഇതുവരെ ഉയർന്നിട്ടില്ല.

റോഡിന്റെ ഓരങ്ങളിൽ താമസിക്കുന്നവർ എല്ലാവിധ പിന്തുണയുമായി ഉദ്യോഗസ്ഥർക്കൊപ്പമുണ്ട്. പുറമ്പോക്ക് ഭൂമി വീണ്ടെടുക്കാൻ റവന്യു വകുപ്പും കെട്ടിടങ്ങളും ചുറ്റുമതിലുകളും ഒഴിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പുമാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് അപകടകരമായ വളവുകൾ ഒഴിവാക്കുന്നതിനാണ് മുൻഗണന നൽകിയിരിക്കുന്നതെന്ന് സർവേ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. അരുവിക്കര ജംഗ്ഷന്റെ വികസനവും അപ്രോച്ച് റോഡു നവീകരണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക നടപടികൾ പൂർത്തിയാക്കി അലൈൻമെന്റ് കല്ലിട്ടു. സ്കെച്ചും തയാറായി. പക്ഷെ,റിപ്പോർട്ട് സമർപ്പിക്കൽ ഇപ്പോഴും വൈകുകയാണ്. ലാന്റ് അക്വസേഷൻ നടപടികൾ പൂർത്തിയായിട്ടു വേണം റോഡ് നിർമ്മാണ കരാർ ഉറപ്പിക്കാൻ. ഈ വെക്കേഷനു മുമ്പ് പണി ആരംഭിക്കാൻ കഴിയുമെന്നായിരുന്നു നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രതീക്ഷ. എന്നാൽ ജീവനക്കാരുടെ കുറവും ജോലിഭാരവുമാണ് മരാമത്ത്-റവന്യു ഉദ്യോഗസ്ഥർ എടുത്തു കാട്ടുന്നത്.