ഉള്ളൂർ: ആട്ടോറിക്ഷ ഡ്രൈവർമാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് സിറ്റി പൊലീസ് കമ്മിഷണറുടെ 'കണക്ട് ടു കമ്മിഷണർ" സംവിധാനത്തിൽ പരാതി അറിയിച്ച വീട്ടമ്മയ്‌ക്ക് നീതിലഭിച്ചത് മണിക്കൂറുകൾക്കുള്ളിൽ. മൂന്ന് കുട്ടികളുമായി ആനയറയിലേക്ക് ഓട്ടം വിളിച്ച വീട്ടമ്മയോട് ഉള്ളൂർ സ്റ്റാൻഡിലെ ആട്ടോറിക്ഷാ ഡ്രൈവർമാർ അമിത കൂലി ആവശ്യപ്പെട്ടു. കൂടാതെ മാനസിക ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലും പെരുമാറി. തുടർന്നാണ് കമ്മിഷണറുടെ 9497975000 എന്ന നമ്പരിൽ വിളിച്ച് പരാതിപ്പെട്ടത്.
ആദ്യത്തെ ആട്ടോയുടെ ഡ്രൈവർ ആനയറയിൽ പോകാൻ 120 രൂപ ആവശ്യപ്പെട്ടു. ഇയാളെ ഒഴിവാക്കി മറ്റൊരു വണ്ടിയിൽ കയറാൻ ശ്രമിച്ചപ്പോൾ അവരും അമിത കൂലി ആവശ്യപ്പെട്ടു. അതുവഴി വന്ന മറ്റൊരു ആട്ടോയിൽ കയറാൻ ശ്രമിച്ചപ്പോൾ യുവതിയെയും മക്കളെയും ഡ്രൈവർമാർ വിരട്ടിയോടിച്ചു. അരമണിക്കൂറോളം പൊരിവെയിലത്ത് നിന്നിട്ടും സഹായം ലഭിച്ചില്ല. ഒടുവിൽ കരമന സ്റ്റാൻഡിലെ ആട്ടോ ഡ്രൈവറെത്തി കുട്ടികളെ വണ്ടിയിൽ കയറ്റിയെങ്കിലും ഇറക്കിവിടാൻ ശ്രമിച്ചു. ഏറെ നേരത്തെ വാഗ്വാദത്തിനൊടുവിൽ യുവതിയെയും മക്കളെയും ആ ആട്ടോയിൽ യാത്ര ചെയ്യാൻ അനുവദിക്കുകയായിരുന്നു.
യുവതി കേരളകൗമുദിയിൽ 'കണക്ട് ടു കമ്മിഷണർ" പദ്ധതിയെക്കുറിച്ചുള്ള വാർത്ത കണ്ടാണ് വിളിച്ചത്. പരാതി ലഭിച്ചയുടൻ നടപടിയെടുക്കാൻ മെഡിക്കൽ കോളേജ് പൊലീസിനോട് കമ്മിഷണർ നിർദ്ദേശിച്ചു. തുടർന്ന് ഉള്ളൂരിലെ ആട്ടോ ഡ്രൈവർമാരെയും പരാതിക്കാരിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പരാതിക്കാരിയിൽ നിന്ന് രേഖാമൂലം പരാതി വാങ്ങി. യാത്ര തടഞ്ഞവരെ യുവതി തിരിച്ചറിഞ്ഞു. ഇവരെ ഇന്ന് ആർ.ടി ഓഫീസിൽ നടത്തുന്ന 'യാത്രക്കാരോട് എങ്ങനെ പെരുമാറണം" എന്ന ക്ലാസിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഈ ആട്ടോറിക്ഷകളുടെ പെർമിറ്റ് റദ്ദാക്കാൻ കമ്മിഷണർ നിർദ്ദേശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സി.ഐ ബിനുകുമാർ അറിയിച്ചു.
തലസ്ഥാനവാസികൾക്ക് സിറ്റി പൊലീസ് കമ്മിഷണറെ 24 മണിക്കൂറും ബന്ധപ്പെടാനൊരുക്കിയ കണക്ട് ടു കമ്മിഷണർ" സംവിധാനത്തിൽ ആദ്യ ദിനം തന്നെ മികച്ച പ്രതികരണം. ഫോൺ, വാട്‌സ്ആപ്പ്, സോഷ്യൽ മീഡിയ വഴി പരാതികളും, രഹസ്യവിവരങ്ങളും, നിർദ്ദേശങ്ങളും അറിയിക്കാം. ഇന്നലെ രാവിലെ മുതൽ വൈകിട്ട് അഞ്ച് വരെ 261 പേർ ഫോൺ വഴിയും 169 വാട്‌സ്ആപ്പ് വഴിയും ബന്ധപ്പെട്ടു. ഇവയ്‌ക്കെല്ലാം ഉടൻ നടപടിയുണ്ടാവുമെന്ന് കമ്മിഷണർ എസ്. സുരേന്ദ്രൻ അറിയിച്ചു.
നഗരത്തിലെ ഗുണ്ടകൾ, സാമൂഹ്യ വിരുദ്ധർ, റൗഡികൾ, അക്രമകാരികൾ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ട്രാഫിക് സംബന്ധിച്ച് നിർദ്ദേശങ്ങളാണ് കൂടുതൽ ലഭിച്ചത്. ഒളിവിലുള്ള പ്രതികളെക്കുറിച്ചുള്ള വിവരവും ലഭിച്ചു. ഷാഡോ പൊലീസ് ഇവരെ പിടികൂടാനുള്ള നടപടി തുടങ്ങി.