തിരുവനന്തപുരം: ഇടത് സർക്കാർ വിശ്വകർമ്മ സഭയുടെ ആവശ്യങ്ങൾ നിഷേധിക്കുകയാണെന്നും ഇത് അനീതിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശങ്കരൻ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുക, ദേവസ്വം ബോർഡിലും റിക്രൂട്ട്മെന്റ് ബോർഡിലും അർഹമായ സംവരണം നൽകുക, പരമ്പരാഗത തൊഴിൽ സമുദായ പ്രഖ്യാപനത്തിന്റെ തുടർ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വിശ്വകർമ്മ സഭ സെക്രട്ടേറിയറ്റ് നടയിൽ നടത്തുന്ന രാപ്പകൽ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകണമെന്നും ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി നേതാക്കളെ 12ന് വെെകിട്ട് 6ന് കന്റോൺമെന്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. വി.ഡി. സതീശൻ എം.എൽ.എ, എം.എസ്. ശ്യാംകുമാർ, റാം സാഗർ, എ. റഹീംകുട്ടി, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, കെ.വി.എസ് വർക്കിംഗ് പ്രസിഡന്റ് സതീഷ് ടി. പത്മനാഭൻ, ജനറൽ സെക്രട്ടറി ടി.കെ. സോമശേഖരൻ, ട്രഷറർ വി.എസ്. ഗോപാലകൃഷ്ണൻ, വെെസ് പ്രസിഡന്റുമാരായ എം. പ്രകാശ്, ടി.എൻ. ചന്ദ്രശേഖരൻ, എം.എസ്. രാജേന്ദ്രൻ, പി.എൻ. അയ്യപ്പൻകുട്ടി, സെക്രട്ടറിമാരായ വി.എൻ. ചന്ദ്രമോഹൻ, എൻ. മോഹൻദാസ്, എം.എൻ. മോഹൻദാസ് ഓമല്ലൂർ, കെ. സന്തോഷ്കുമാർ, മഹിളാസമാജം നേതാക്കളായ ബീനാ കൃഷ്ണൻ, ജയശ്രീ ബാബു, യുവജന ഫെഡറേഷൻ നേതാക്കളായ രഞ്ജിത്, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.