തിരുവനന്തപുരം: മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആർ.എസ്.എസ് ആണെന്ന തരത്തിൽ ലേഖനമെഴുതിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവന പിൻവലിച്ച് മാപ്പുപറഞ്ഞില്ലെങ്കിൽ നിയമനടപടി നേരിടാൻ തയ്യാറാകണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടതു പക്ഷത്തിന്റെ പിന്തുണയോടെ കോൺഗ്രസ് ഒന്നാം യു.പി.എ സർക്കാർ ഉണ്ടാക്കിയതിന്റെ ഓർമ്മയിലാണ് 2004 ആവർത്തിക്കുമെന്ന് കോടിയേരി പറയുന്നത്. ബി.ജെ.പിക്കെതിരെ സംയുക്ത സ്ഥാനാർത്ഥികളെ നിറുത്തി മത്സരിക്കാൻ കോൺഗ്രസ്, സി.പി.എം നേതാക്കളെ വെല്ലുവിളിക്കുന്നതായും ആദ്ദേഹം പറഞ്ഞു.
കോടതിയിൽ ദേവസ്വം ബോർഡ് വക്കീലിന്റെ വാദത്തെക്കുറിച്ച് താൻ ഒന്നും അറിഞ്ഞില്ലെന്ന ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രസ്‌താവനയിൽ സത്യമുണ്ടെങ്കിൽ സ്ഥാനം രാജിവയ്ക്കാൻ അദ്ദേഹം തയ്യാറാകണം. ബി.ഡി.ജെ.എസിന്റെ സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള അധികാരം അവർക്ക് മാത്രമാണ്.
മോഹൻലാലുമായി
ചർച്ച നടത്തിയില്ല
സ്ഥാനാർത്ഥിയാകണമെന്ന നിർദ്ദേശവുമായി ബി.ജെ.പി നേതൃത്വം മോഹൻലാലിനെ സമീപിച്ചിട്ടില്ല. താൻ ഹൈദരാബാദിൽ മോഹൻലാലിനെ കണ്ടിരുന്നെങ്കിലും രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.