kerala-assembly

സഭയിൽ വി.പി.സജീന്ദ്രന്റെ പ്രസംഗം പുട്ടിൽ തേങ്ങാപ്പീര പോലെയാണ്. കാര്യങ്ങൾ. കൃത്യമായ ഇടവേളകളിൽ നർമ്മത്തിന്റെ തരികളുണ്ടാവും.ബഡ്ജറ്റ് ചർച്ചയ്ക്കിടെ ധനമന്ത്രിയെയാണ് സജീന്ദ്രൻ ഇന്നലെ ശരിക്കും പരിഗണിച്ചത്. ഐസക്കിന്റെ ബഡ്ജറ്റ് ശുഷ്‌കമെന്നു സമർത്ഥിക്കാൻ സജീന്ദ്രൻ കൂട്ടുപിടിച്ചത് പതിന്നാലാം നൂറ്രാണ്ടിൽ ജീവിച്ചിരുന്ന ചാർവാകന്മാരെ.

ചർവാകന്മാരുടെ ജീവിതദർശനം ഇങ്ങനെ- ഋണം കൃത്വാ ഹൃതം പീപേത്! അതായത്,​ കടംവാങ്ങുക, സുഭിക്ഷമായി ജീവിക്കുക. തിരികെ കൊടുക്കാൻ കഴിയാതെ വരുമ്പോൾ 'ഭസ്മീ ദേഹസ്യ ഭൂതസ്യ.' ദേഹം ഭസ്മമാക്കുക. എന്നുവച്ചാൽ ആത്മാഹുതി ചെയ്യുക. പ്രളയബാധിതരോട് ബഡ്ജറ്ര് പറയുന്നത് 'ഭസ്മീ ദേഹസ്യ ഭൂതസ്യ' എന്നാണെന്നായിരുന്നു സജീന്ദ്രന്റെ വിശദീകരണം.

ഇതുകൊണ്ടു തൃപ്തിവരാഞ്ഞ്,​ തന്റെ നാട്ടിൽ ഒട്ടുപാൽ കച്ചവടം നടത്തുന്ന വറീതിനെയും സജീന്ദ്രൻ രംഗത്തിറക്കി.പുരുഷന്മാരില്ലാത്ത സമയത്താവും വറീത് വീടുകളിലെത്തുക. ഒട്ടുപാൽ വാങ്ങിക്കഴിഞ്ഞ് വീട്ടമ്മമാരോട് കണക്കുപറയും: 'പന്ത്രണ്ടും മൂന്നും പതിനഞ്ചും മൂന്നും പതിനെട്ട്. പിന്നെ ചേച്ചിയായതുകൊണ്ട് അമ്പതു കൂടി പിടിച്ചോ' എന്ന മട്ടിലുള്ള അവതരണം കേട്ടപ്പോൾ സഭയ്ക്കൊപ്പം ഐസക്കും കുലുങ്ങിചിരിച്ചു.

അപ്പോഴാണ് പണ്ഡിതരാജൻ ജി.സുധാകരൻ മന്ത്രി എഴുന്നേറ്റത്. പണ്ഡിതനും തത്വചിന്തകനുമായ ചാർവാകനെയാണ് സജീന്ദ്രൻ ഉദ്ദേശിച്ചതെങ്കിൽ തോമസ് ഐസക്കിന് കിട്ടുന്ന അംഗീകാരമാണ് അതെന്നായി സുധാകരൻ. 'എങ്കിൽ ചാർവാകൻ വേണ്ട, വറീതുമായി ഉപമിച്ചതിൽ മന്ത്രി സുധാകരന് സന്തോഷം കാണുമല്ലോ എന്നായി സജീന്ദ്രൻ.

എഴുതി തയ്യാറാക്കിയ പ്രസംഗവുമായി എത്തിയ മുകേഷും കോമഡിക്കുള്ള ശ്രമം നടത്താതിരുന്നില്ല.ഒരു ചടങ്ങിനു ചെന്നപ്പോൾ ഒരാൾ മുകേഷിനോടു ചോദിച്ചു: താങ്കൾ ശബരിമല വിശ്വാസിയാണോ?​ അതെയെന്ന് പറഞ്ഞപ്പോൾ,​ 'അയ്യപ്പന്റെ ശക്തിയിൽ വിശ്വാസമുണ്ടോ' എന്ന് അടുത്ത ചോദ്യം. ഉണ്ടെന്നു പറഞ്ഞപ്പോൾ 'അതെങ്ങനെ ബോദ്ധ്യപ്പെട്ടു' എന്നായി.

താൻ പറഞ്ഞ മറുപടിയും മുകേഷ് വിശദീകരിച്ചു. ശബരിമല കർമ്മ സമിതി നേതാവിനെ കാട്ടുപന്നി ഓടിച്ചിട്ട് കുത്തിയത് അയ്യപ്പന്റെ ശക്തിയാണ്. ബി.ജെ.പിയുടെ വലിയ നേതാവിനെ 14 ദിവസം ജയിലിൽ കിടത്തിയതും വനിതാ നേതാവിനെക്കൊണ്ട് കോടതിയിൽ 25,000 രൂപ പിഴയടപ്പിച്ചതും അയ്യപ്പന്റെ ശക്തിയാണ്!

ഏറനാടൻ ശൈലിയിൽ തകർത്തടിക്കുന്ന ആളാണ് ലീഗിന്റെ പി.കെ.ബഷീർ. എം.എൽ.എ മാർക്ക് പദ്ധതി അനുവദിക്കുന്നതിൽ മന്ത്രി തോമസ് ഐസക്ക് കാട്ടുന്ന വിവേചനത്തെക്കുറിച്ചായിരുന്നു ഇന്നലത്തെ ആക്ഷേപം.തങ്ങൾക്കാർക്കും ഒന്നും തന്നില്ലെങ്കിലും സ്പീക്കർക്ക് കാര്യമായി എന്തെങ്കിലും കൊടുക്കണമെന്ന് ബഷീർ അഭ്യർത്ഥിച്ചപ്പോൾ ശ്രീരാമകൃഷ്ണനും ചിരിച്ചുപോയി. ശബരിമലയിൽ കയറിയ 51 പേർ ആണോ പെണ്ണോ എന്ന് തിരിച്ചറിയാൻ കമ്മിറ്രിയെ വച്ച സർക്കാരാണ് ഇത്. ഇക്കണക്കിന് മന്ത്രി സുധാകരൻ ശബരിമലയിൽ പോയാലും ആണോ പെണ്ണോ എന്നറിയാൻ കമ്മിറ്രി വിളിക്കുമെന്നും ബഷീർ തട്ടി.