railway

ഭൂമി ഏറ്റെടുക്കൽ ശ്രമകരമാവും

നഗരങ്ങളിൽ എലിവേറ്രഡ് പാത

തിരുവനന്തപുരം: സംസ്ഥാനത്തെ നിർദ്ദിഷ്‌ട സെമി ഹൈസ്‌പീഡ് റെയിൽപാതയ്‌ക്കായി 3,631ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടി വരും. തിരുവനന്തപുരം മുതൽ കാസർകോട് വരെ 515 കിലോമീറ്രറിൽ ഇരട്ടപ്പാതയാണ് ഉദ്ദേശിക്കുന്നത്. 50,000 കോടി രൂപയാണ്

മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര, സംസ്ഥാന സംരംഭമായ കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനാണ് പദ്ധതിയുടെ ചുമതല.

ഭൂമി ഏറ്റെടുക്കൽ ദുഷ്കരമാകും എന്നതിനാൽ നിലവിലുള്ള രണ്ടുവരി പാതയോട് ചേർന്നാവില്ല പുതിയ പാത. നഗര പ്രദേശങ്ങൾ പരമാവധി ഒഴിവാക്കും. ഒഴിവാക്കാനാവാത്ത നഗര മേഖലകളിൽ എലിവേറ്റഡ് പാത നിർമ്മിക്കും.

ഫ്രഞ്ച് കൺസൾട്ടൻസി കമ്പനിയായ സിസ്ട്ര ജൂണോടെ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കും. 200-300ഉം ഏക്കർ ഏറ്രെടുക്കാവുന്ന സ്ഥലങ്ങളിൽ ലാൻഡ് ബാങ്കുകൾ രൂപീകരിച്ച് വാണിജ്യകേന്ദ്രങ്ങൾ നിർമ്മിക്കും. ഈ സ്ഥലങ്ങളെ മറ്ര് റെയിലുകൾ വഴി സെമി ഹൈസ്പീഡ് പാതയുമായി ബന്ധിപ്പിക്കും. ഇവയെ സ്‌മാർട്ട് ടൗൺഷിപ്പുകളാക്കി വരുമാനമുണ്ടാക്കും.

നേരത്തേ ഡി.എം.ആ‌ർ.സി നടത്തിയ പഠനത്തിൽ ഒരു ലക്ഷം കോടി ചെലവിൽ ഹൈസ്പീഡ് റെയിൽ കോറിഡോർ ആണ് തീരുമാനിച്ചിരുന്നത്. മണിക്കൂറിൽ 350 കിലോമീറ്രർ വേഗതയുള്ള പാത ഡിസൈൻ ചെയ്‌ത് ശരാശരി 300 കിലോമീറ്രർ വേഗതയിൽ ട്രെയിൻ ഓടിക്കാനായിരുന്നു പരിപാടി.

ഒരു സ്റ്രേഷനിൽ നിറുത്തിയ ശേഷം പരമാവധി വേഗമെത്താൻ 10-15 മിനിട്ട് എടുക്കുമെന്നതിനാൽ വളരെ കുറച്ച് സ്റ്രേഷനുകളേ ഇതിലുണ്ടാവുമായിരുന്നുള്ളൂ. ഇതിനോട് സർക്കാരിന് യോജിപ്പില്ലായിരുന്നു. തുടർന്നാണ് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ള പാത ഡിസൈൻ ചെയ്ത് 180 കിലോമീറ്റർ വേഗതയുള്ള സെമി ഹൈസ്പീഡ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ശരാശരി വേഗത 125 കിലോ മീറ്രറായിരിക്കും.

തിരുവനന്തപുരം - കാസർകോട് നാല് മണിക്കൂർ

എ.സി ത്രീ ടയർ ചാർജ്

മൊത്തം ചെലവ് 50,000 കോടി

 ഭൂമിക്ക് മാത്രം12,000 കോടി രൂപ

 2024ഓടെ ദിവസം 89,000 യാത്രക്കാർ

ഒരു ട്രെയിനിൽ 700 പേർക്ക് കയറാം

ഒരുമണിക്കൂർ ഇടവിട്ട് സർവീസ്

തിരക്കുള്ളപ്പോൾ അര മണിക്കൂർ ഇടവിട്ട്

''നിക്ഷേപത്തിന്റെ 26 ശതമാനം കേരള - കേന്ദ്ര സർക്കാരുകൾ വഹിക്കും. ബാക്കി ജപ്പാൻ ബാങ്കിന്റെ വായ്പയെടുക്കും. 2022 ഓടെ ഭൂമി ഏറ്രെടുക്കണം. 2027ൽ സെമി ഹൈസ്പീ‌ഡ് റെയിൽ യാഥാർത്ഥ്യമാകും.

- വി. അജിത് കുമാർ

കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ എം.ഡി

സ്റ്റേഷനുകൾ

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, വളാഞ്ചേരി അല്ലെങ്കിൽ തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്