road

വിതുര: പുതുതായി ടാറിംഗ് നടത്തിയ റോഡിന്റെ ഉദ്ഘാടനം നടത്തുംമുമ്പേ റോഡിന്റെ മദ്ധ്യ ഭാഗംവെട്ടിപൊളിച്ച് കുഴിയാക്കി. രണ്ടാഴ്ച മുൻപ് ടാറിംഗ് നടത്തിയ വിതുര ചായം റോഡിൽ വിതുര കലുങ്ക് ജംഗ്ഷന് സമീപം രാഹുൽ സ്റ്റുഡിയോക്ക് മുൻ വശത്താണ് ജല അതോറിട്ടിക്കാർ വെട്ടി പൊളിച്ച് കുഴിയാക്കിയത്. ഇവിടെ ഒരാഴ്ചയായി പൈപ്പ് പൊട്ടി റോഡ് തോടായി ഒഴുകുകയായിരുന്നു വിവരം വാട്ടർ അതോറിട്ടി അധികാരികളെ അറിയിച്ചിട്ടും നടപടികൾ സ്വീകരിച്ചിരുന്നില്ല. പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി ഒഴുകുന്നതായി ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. പൈപ്പ് നന്നാക്കുന്നതിനായാണ് റോഡ് കുഴിച്ചത്. വിതുര ചായം റോഡ് വർഷങ്ങളായി ശോച്യാവസ്ഥയിൽ കിടക്കുകയായിരുന്നു. അടുത്തിടെയാണ് ഫണ്ട് അനുവദിച്ചതും റോഡ് ടാറിംഗ് നടത്തിയതും. ഇൗ മാസം മന്ത്രി ജി. സുധാകരൻ റോഡിന്റെ ഉദ്ഘാടനം നടത്താനിരിക്കുകയായിരുന്നു. ഉദ്ഘാടനത്തിന് മുൻപേ റോഡ് വെട്ടിപൊളിച്ച് കുഴിയാക്കിയതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതിനെതിരെ ഫെഡറേഷൻസ് ഒാഫ് റസിഡന്റ്സ് അസോസിയേഷൻ മന്ത്രിക്ക് പരാതി നൽകി.