തിരുവനന്തപുരം: സുപ്രീംകോടതിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദം തന്റെ അറിവോടെയല്ലെന്ന് തുറന്ന് സമ്മതിച്ച ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ തത്‌സ്ഥാനം രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
യുവതീ പ്രവേശന വിഷയത്തിൽ മുൻ നിലപാടിൽ നിന്ന് കരണം മറിഞ്ഞു കൊണ്ടുള്ള ബോർഡിന്റെ നിലപാട് ഭക്തജനങ്ങളോടുള്ള വഞ്ചനയാണ്. പ്രസിഡന്റ് പോലും അറിയാതെ ബോർഡിന്റെ അഭിഭാഷകൻ രാകേഷ് ദ്വിവേദി പുതിയ വാദം ഉന്നയിച്ചത് സംസ്ഥാന സർക്കാരിന്റെ അറിവോടെയാണോയെന്ന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും വ്യക്തമാക്കണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സാവകാശ ഹർജിയാണ് ബോർഡ് നേരത്തേ നൽകിയിരുന്നത്. എന്നാൽ, കോടതിയിൽ ബുധനാഴ്ച ബോർഡിന്റെ അഭിഭാഷകൻ ഇതേക്കുറിച്ച് മിണ്ടിയില്ല. ഈ കള്ളക്കളിക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. 12ന് ചേരുന്ന യു.ഡി.എഫ് യോഗം ഇക്കാര്യത്തിൽ ഭാവി പരിപാടികൾ തീരുമാനിക്കും.
ലോക കേരളസഭ
പ്രഹസനമാക്കരുത്
ഈ മാസം ദുബായിൽ നടത്തുന്ന ലോക കേരളസഭയിൽ പ്രതിപക്ഷവുമായി ചർച്ച ചെയ്ത് സമഗ്ര പദ്ധതി രൂപപ്പെടുത്തണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടതായി ചെന്നിത്തല പറഞ്ഞു. പ്രവാസി ക്ഷേമത്തിന് നോർക്ക കഴിഞ്ഞ ബഡ്ജറ്റിൽ നീക്കിവച്ച തുകയിൽ പകുതി പോലും ചെലവഴിച്ചില്ല. പ്രവാസി പുനരധിവാസത്തിന് പ്രത്യേക വ്യവസായ-തൊഴിൽ നയം പ്രഖ്യാപിക്കണം.
പിണറായി സർക്കാർ ആയിരം ദിവസം തികയ്ക്കുന്നതിന്റെ ആഘോഷത്തിന് 9 കോടി രൂപ നീക്കിവച്ചത് പ്രളയദുരന്തങ്ങൾ നേരിടുന്ന കേരളത്തിന് താങ്ങാനാവില്ല. മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളിലല്ലാതെ, സർക്കാരിന്റെ ആഘോഷ പരിപാടികളിൽ യു.ഡി.എഫ് ജനപ്രതിനിധികൾ പങ്കെടുക്കില്ല.
കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ചുവിട്ട എം.പാനൽ കണ്ടക്ടർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമെങ്കിൽ നിയമനിർമ്മാണം ഉൾപ്പെടെ സർക്കാർ പരിഗണിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.