കിളിമാനൂർ: കിളിമാനൂർ വില്ലേജ് ഓഫീസ് കെട്ടിടത്തിനും ഇവിടെ എത്തുന്നവർക്കും ഭീഷണിയായി നിലനിന്നിരുന്ന വൻ മരങ്ങൾ മുറിച്ച് മാറ്റാൻ തീരുമാനമായി. കെട്ടിടത്തിന് മുന്നിലും ചുറ്റുവട്ടത്തുമായി നിരവധി മരങ്ങളാണ് ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്നത്. ഇവയുടെ വേരുകൾ മതിൽക്കെട്ടുകളെയും കെട്ടിടത്തിന്റെ ഭിത്തികളെയും തകർക്കുകയും കെട്ടിടത്തിനുള്ളിലെ ടോയ്‌ലറ്റിന്റെ ക്ലോസറ്റ് വേരുകൾ വളർന്ന് മൂടുകയും ചെയ്തിരുന്നു. ഇതോടെ ഭിത്തികൾ പൊട്ടിപ്പൊളിഞ്ഞ് മഴക്കാലത്ത് ഓഫീസും ഫയൽ മുറികളും ചോർന്ന് ഒലിക്കുന്ന അവസ്ഥയായി. ക്ലോസറ്റിനുള്ളിൽ വേരുകൾ വളർന്ന് മൂടിയതോടെ ജീവനക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കഴിഞ്ഞിരുന്നില്ല.
വേരുകൾ പടർന്നു കയറിയ ഓഫീസ് കെട്ടിടം ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. ജീവനക്കാരും ഇടപാടുകൾക്ക് എത്തുന്നവരും ജീവൻ പണയം വച്ചാണ് ഓഫീസിൽ കഴിയുന്നത്. അപകടവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണമെന്നും വില്ലേജ് ആഫീസ് കെട്ടിടം പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് കേരള കൗമുദി നിരവധി തവണ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനായി വിലയിട്ട് നൽകാൻ ഒരു വർഷം മുമ്പ് റവന്യു അധികൃതർ ആവശ്യപ്പെങ്കിലും വനംവകുപ്പിന്റെ നടപടികൾ ഒച്ചിഴയും വേഗത്തിൽ ആയിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി കേരള കൗമുദി വീണ്ടും വാർത്ത നൽകിയതിനെ തുടർന്ന് വനം വകുപ്പ് സജീവമായി രംഗത്ത് എത്തുകയും 1.4 ലക്ഷം രൂപ മതിപ്പ് വില നിശ്ചയിച്ച് അധികൃതർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതേ സമയം അപകടാവസ്ഥയിലായ വില്ലേജ് ഓഫീസ് കെട്ടിടം പുനർനിർമ്മിക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.