വിതുര: തൊളിക്കോട് മലയടി ശാസ്താംപാറ ശ്രീധർമ്മശാസ്താംപാറ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തിന്റെയും, ഉതൃട്ടാതി മഹോത്സവത്തിന്റെയും ഭാഗമായി സമൂഹവിവാഹം നടന്നു. പെരിങ്ങമ്മല ഇലഞ്ചിയം വില്ലിപ്പയിൽ കുന്നുംപുറത്ത് വീട്ടിൽ ബാബുവിന്റെയും ഒാമനയുടെയും മകൻ ബി. ചന്തുവും, തെന്നൂർ സൂര്യകാന്തി നാല് സെന്റ് കോളനിയിൽ ജോണിയുടെയും ഉഷയുടെയും മകൾ ജോതിരാജുമാണ് ക്ഷേത്ര സന്നിധിയിൽ വച്ച് വരണമാല്യം ചാർത്തി പുതുജീവിതത്തിലേക്ക് കടന്നത്. മലയടി സ്വദേശിയും സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായ പ്രശോഭനൻ വധുവിന് അഞ്ച് പവന്റെ ആഭരണങ്ങളും, വിവാഹ ചടങ്ങിൽ പങ്കെടുത്ത ആറ് ബന്ധുക്കൾക്ക് വസ്ത്രങ്ങൾ നൽകുകയും ചെയ്തു.
കൂടാതെ പ്രശോഭനൻ പൊങ്കാല അർപ്പിക്കുവാൻ എത്തുന്നവർക്ക് മൂന്ന് കിലോ അരിവീതം നൽകും. ഇത് കൂടാതെ അഞ്ച് പേർക്ക് തയ്യൽമെഷ്യനും, പത്ത് പേർക്ക് 3000 രൂപ വീതം ചികിത്സാ സഹായവും, പത്ത് കിലോ അരി വീതവും നൽകുന്നുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എസ്. ബിജുകുമാറും, സെക്രട്ടറി രഹിൻ ആർ.എസും അറിയിച്ചു. എല്ലാ വർഷവും ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനയായ പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിപ്പിച്ചയക്കാറുണ്ട്. സമാപനദിനമായ നാളെ രാവിലെ സമൂഹപൊങ്കാലയും, വൈകിട്ട് ഘോഷയാത്രയും നടക്കും. രാത്രിയിൽ അരങ്ങേറുന്ന കലാപരിപാടികളോടും,വിവിധ പൂജകളോടും കൂടി ഉൽസവം കൊടിയിറങ്ങും.