തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പി.സി. ജോർജ് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അറിയാവുന്ന ഇംഗ്ലീഷിൽ തിരിച്ചും വിരട്ടി. രണ്ടാഴ്ച മുമ്പ് +8244 എന്ന നമ്പരിൽ ഇന്റർനെറ്റ് കോളാണ് ലഭിച്ചത്. രവി പൂജാരി സംസാരിക്കുന്നതിനിടെ 'ഫ്രാങ്കോയെ രക്ഷിക്കാൻ തനിക്കെന്തുകാര്യം' എന്ന് മലയാളത്തിൽ പറഞ്ഞതായും ജോർജ് പറഞ്ഞു. സംഭവത്തിൽ മലയാളി ബന്ധമുണ്ടെന്നാണ് കരുതുന്നത്. അധോലോക ഗുണ്ടാവിളയാട്ടം കേരളത്തിലേക്കും വ്യാപിക്കുന്നുവെന്നതിന് തെളിവാണിത്.
ഈരാറ്റുപേട്ടയിലാണ് തന്റെ വീട്. അവിടെ നല്ല കാപ്പിമുട്ടിയുണ്ട്. അതുവച്ച് നല്ല പെട കൊടുക്കും. തനിക്ക് പേടിയൊന്നുമില്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തനിക്കെതിരെ ഇറങ്ങിയ ട്രോളുകൾക്കെതിരെയും ജോർജ് പ്രതികരിച്ചു.
നിങ്ങൾക്ക് അയച്ച സന്ദേശം കണ്ടില്ലേ എന്നായിരുന്നു ആദ്യം ചോദിച്ചത്. കണ്ടില്ലെന്നു പറഞ്ഞപ്പോൾ വിളിക്കുന്നത് രവി പൂജാരിയാണെന്നു പറഞ്ഞു. തന്നെയും മക്കളിൽ ഒരാളെയും തട്ടിക്കളയുമെന്നായിരുന്നു ഭീഷണി. അതേസമയം ജോർജിനെ വിളിച്ചത് രവി പൂജാരിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഇന്റലിജൻസ് നേതൃത്വം വ്യക്തമാക്കി. അടുത്തിടെ രവി പൂജാരി സെനഗലിൽ അറസ്റ്റിലായിരുന്നു. ആവശ്യമെങ്കിൽ രവി പൂജാരിയെ കേരളത്തിലെത്തിക്കാനാണ് പൊലീസിന്റെ നീക്കം.