തിരുവനന്തപുരം: സുപ്രീം കോടതിയിലെ ശബരിമലക്കേസ് നടത്തിപ്പിനെ ചൊല്ലി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറും തമ്മിൽ ഭിന്നത മുറുകുന്നു. ഇന്നലെ ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ദേവസ്വം കമ്മിഷണർ എൻ.വാസുവിനെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എ.കെ.ജി സെന്ററിലേക്ക് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു.
യുവതീപ്രവേശന പ്രശ്നത്തിൽ തുടക്കം മുതൽ സർക്കാർ നിലപാടിനോട് മുഖം തിരിക്കുകയും അടിക്കടി നിലപാടുകൾ മാറ്റി വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തതിൽ പ്രസിഡന്റ് എ. പത്മകുമാറിനോട് മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും അതൃപ്തിയുണ്ട്. കമ്മിഷണറാവട്ടെ സർക്കാർ നിലപാടിനൊപ്പമാണ്. പത്മകുമാറിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവയ്പ്പിക്കാൻ നീക്കമുണ്ടെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ എം.രാജഗോപാലൻ നായർ പുതിയ പ്രസിഡന്റായേക്കുമെന്നും പ്രചാരണമുണ്ട്. ഇന്നലെ കമ്മിഷണർക്കൊപ്പം കോടിയേരിയെ കാണാൻ രാജഗോപാലൻ നായരും ഉണ്ടായിരുന്നു. പക്ഷേ ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ദേവസ്വം പ്രസിഡന്റിനെ മാറ്റുന്നത് പ്രതികൂലമാവുമെന്ന ആശങ്കയും പാർട്ടിക്കുള്ളിലുണ്ട്.
ഇതിനിടെ കമ്മിഷണറോട് പ്രസിഡന്റ് വിശദീകരണം തേടിയെന്ന വാർത്ത പ്രചരിച്ചിരുന്നു.എന്നാൽ വിശദീകരണമല്ല, കോടതിയിൽ നടന്ന കാര്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടാണ് ആവശ്യപ്പെട്ടതെന്ന് പ്രസിഡന്റ് പത്മകുമാർ വ്യക്തമാക്കി. ഇന്ന് ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കും. പ്രസിഡന്റ് തനിക്കെതിരെ തെറ്രായ പ്രചാരണങ്ങൾ നടത്തുന്നുവെന്ന പരാതി കമ്മിഷണർ പ്രകടിപ്പിച്ചതായും അറിയുന്നു. സുപ്രീം കോടതിയിൽ നടന്ന കാര്യങ്ങളെക്കുറിച്ചും ബോർഡിലെ ചില നടപടികളിൽ തനിക്കുള്ള വിയോജിപ്പിനെക്കുറിച്ചുമെല്ലാം കോടിയേരിയെ കമ്മിഷണർ ധരിപ്പിച്ചിട്ടുണ്ട്. കമ്മിഷണർക്ക് പുറമെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ എം.രാജഗോപാലൻ നായർ, ബോർഡിന്റെ ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസൽ രാജ്മോഹൻ, സുപ്രീംകോടതി സ്റ്റാൻഡിംഗ് കൗൺസൽ സുധീർ തുടങ്ങിയവരും ഡൽഹിക്ക് പോയിരുന്നു.ഇന്നലെ വൈകിട്ടാണ് ഇവർ തിരിച്ചെത്തിയത്.
സുപ്രീംകോടതി ഹർജികൾ പരിഗണിക്കുന്നതിന്റെ തലേ ദിവസം കമ്മിഷണർ എൻ.വാസു അഭിഭാഷകൻ രാകേഷ് ദ്വിവേദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലോ കേസ് സംബന്ധമായ ചർച്ചകളിലോ പ്രസിഡന്റ് പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്.
മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ പന്തളം കൊട്ടാരം പ്രതിനിധികളുമായും തന്ത്രികുടുംബവുമായും നടത്തിയ ചർച്ചയിൽ കൊട്ടാരം പ്രതിനിധികളാണ് സാവകാശ ഹർജി നൽകണമെന്ന ആവശ്യമുന്നയിച്ചതെന്ന് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. മുഖ്യമന്ത്രി ഈ ആവശ്യം അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.സെപ്റ്റംബർ 28 ലെ സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ലേ എന്ന് കോടതി ചോദിച്ചപ്പോൾ അംഗീകരിക്കുന്നുവെന്ന് അഭിഭാഷകൻ അറിയിക്കുകയാണ് ഉണ്ടായതെന്നും പത്മകുമാർ വിശദമാക്കി.
കമ്മിഷണറോട്
റിപ്പോർട്ട് തേടി
പത്തനംതിട്ട: റിവ്യൂ ഹർജികളിൽ ബോർഡ് അഭിഭാഷകൻ സുപ്രീംകോടതിയിൽ എന്താണ് പറഞ്ഞത് എന്നതിനെ പറ്റി കമ്മിഷണറോട് റിപ്പോർട്ട് തേടിയെന്ന് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. സെപ്റ്റംബർ 28ലെ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുണ്ടോ എന്ന് ജഡ്ജി ചോദിച്ചു. വിധി അംഗീകരിക്കുന്നുവെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. കോടതിയിൽ അത് തിരുത്തി പറയാനാവില്ല. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ബോർഡ് സാവകാശ ഹർജിയാണ് നൽകിയത്.
പ്രസിഡന്റ് അറിയാത്തതൊന്നും
കോടതിയെ അറിയിച്ചിട്ടില്ല: കമ്മിഷണർ
തിരുവനന്തപുരം: ബോർഡ് പ്രസിഡന്റ് അറിയാത്ത ഒന്നും സുപ്രീംകോടതിയെ അറിയിച്ചിട്ടില്ലെന്ന് കമ്മിഷണർ എൻ.വാസു പറഞ്ഞു.
പ്രസിഡന്റ് തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. കോടതിയിൽ നടന്ന കാര്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്.ഇന്ന് താൻ റിപ്പോർട്ട് കൊടുക്കും. പ്രസിഡന്റുമായി ആശയവിനിമയം നടത്തും. സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്നാണ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. കേസിന്റെ കാര്യങ്ങൾ അന്വേഷിക്കാനും തന്റെ പ്രതികരണം അറിയാനുമാണ് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എ.കെ.ജി സെന്ററിലേക്ക് വിളിച്ചത്. താൻ കാര്യങ്ങൾ വിശദമാക്കി.സുപ്രീം കോടതി വിധി അംഗീകരിക്കാൻ നേരത്തേ ബോർഡ് തീരുമാനിച്ചതാണ്. സാവകാശ ഹർജിയാണ് ബോർഡ് നൽകിയത്.
ഏറ്റുമാനൂർ കൊടിയേറ്റിൽ പങ്കെടുത്തില്ല
പതിവിന് വിരുദ്ധമായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റിന് ഇന്നലെ ദേവസ്വം പ്രസിഡന്റും മെമ്പർമാരും എത്തിയില്ല. ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തിൽ പ്രതിഷേധം ഭയന്ന് വിട്ടുനിന്നതാണെന്ന് ആക്ഷേപം ഉയർന്നെങ്കിലും ബോർഡ് ഭാരവാഹികൾ അത് നിഷേധിച്ചു.