mukesh

തിരുവനന്തപുരം: ശബരിമല സംഘർഷഭൂമിയാക്കിയവർക്ക് നേരെ അയ്യപ്പകോപം ഉണ്ടായെന്നും അതുകൊണ്ടാണ് ബി.ജെ.പി നേതാവിന് പതിന്നാല് ദിവസം ജയിലിൽ കിടക്കേണ്ടിവന്നതെന്നും മുകേഷ്.

നിയമസഭയിൽ വോട്ട് ഒാൺ അക്കൗണ്ടിന്റെ ചർച്ചയിലാണ് സമരത്തെ മുകേഷ് പരിഹസിച്ചത്. ശബരിമല കർമ്മസമിതി നേതാവിനെ പന്നി കുത്താൻ ഓടിച്ചതും മറ്റൊരു വനിതാ നേതാവ് 25,000 രൂപ കോടതിയിൽ പിഴയടച്ചതും അയ്യപ്പകോപം കൊണ്ടാണ്. അയ്യപ്പന്റെ ശക്തിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും അതിന് കാരണമുണ്ടെന്നും മുകേഷ് പറഞ്ഞു.

അടുത്തിടെ കൊല്ലത്തൊരു ക്ഷേത്രത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ താൻ പങ്കെടുത്തിരുന്നു. ചടങ്ങിന് ശേഷം സ്വകാര്യ സംഭാഷണത്തിൽ രാഷ്ട്രീയം ചർച്ചയായി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു സീറ്റ് ഇടതുപക്ഷത്തിന് കിട്ടുമോ എന്ന് സംഘാടകരിൽ ഒരാൾ തന്നോട് സംശയം ചോദിച്ചെന്ന് മുകേഷ് പറഞ്ഞു. ഈ ചോദ്യത്തിന് നൽകിയ മറുപടി എന്ന മട്ടിലാണ് മുകേഷ് ബി.ജെ.പി നേതാക്കളെയും ശബരിമല കർമ്മസമിതിയുടെ സമരത്തെയും പരിഹസിച്ചത്.

ശബരിമലയിൽ പോകുന്നവർ മുഴുവൻ ബി.ജെ.പിയും ആർ.എസ്.എസുമാണെന്നാണ് പൊതുവെയുള്ള തെറ്റിദ്ധാരണ. ഇത്തരം തെറ്റിദ്ധാരണകൾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങുമ്പോൾ തന്നെ മാറിക്കോളും എന്ന് തനിക്ക് ഉറപ്പുണ്ടെന്നും മുകേഷ് പറഞ്ഞു.

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ ഗാന്ധിവധം പ്രതീകാത്മകമായി ആചരിച്ചതിനോട് കോൺഗ്രസിന് നിസംഗതയാണ്. ഇൗ നിസംഗത തന്നെയാണ് പ്രളയകാലത്തും അവർ കാണിച്ചത്. കറതീർന്ന കോൺഗ്രസുകാരനായ നടൻ സലിംകുമാറും കുടുംബവും പ്രളയത്തിൽ പെട്ടപ്പോൾ രക്ഷിക്കാൻ കോൺഗ്രസുകാരുണ്ടായില്ല. ആരും അന്വേഷിച്ചതുമില്ല. രക്ഷപ്പെടുത്തിയത് സി.പി.എം നേതാക്കളാണെന്ന് സലിംകുമാർ പറഞ്ഞതായും മുകേഷ് വെളിപ്പെടുത്തി.