mp-dinesh-ips8

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പുതിയ മേധാവിയായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരുന്ന എം.പി. ദിനേശ് ചുമതലയേറ്റു. സി.എം.ഡിയായിരുന്ന ടോമിൻ തച്ചങ്കരിയെ മാറ്റിയ ഒഴിവിലാണ് ദിനേശിനെ നിയോഗിച്ചത്.
ഡി.ഐ.ജി റാങ്കിലുള്ള എം.പി. ദിനേശിന് നാല് മാസം മാത്രമാണ്‌ സർവീസുള്ളത്. ഇതിന്‌ ശേഷം നീട്ടിനൽകാനാണ് സാദ്ധ്യത. എല്ലാവരുമായും സഹകരിച്ച് മുന്നോട്ട്‌ പോകുമെന്ന് അദ്ദേഹം പറഞ്ഞു. മുൻവിധിയോ മുൻധാരണയോ ഇല്ലാതെയാണ് ചുമതലയേൽക്കുന്നത്. സർക്കാർ ഏല്പിച്ച കർത്തവ്യം നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാനേജിംഗ് ഡയറക്ടറുടെ ചുമതല മാത്രമാണ് ദിനേശിന് നൽകിയിട്ടുള്ളത്. ചെയർമാൻ സ്ഥാനം താത്കാലികമായി ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് നൽകിയേക്കും. ബോർഡ് യോഗത്തിൽ അദ്ദേഹമായിരിക്കും അദ്ധ്യക്ഷനാകുന്നത്.

ശമ്പളം മുടങ്ങാതെ കൊടുക്കുന്നതും ഇപ്പോൾ കുത്തനെ കുറഞ്ഞ കളക്‌ഷൻ മെച്ചപ്പെട്ട രീതിയിലേക്കു കൊണ്ടു പോകുന്നതുമാണ് ദിനേശിനു മുന്നിലെ ആദ്യ വെല്ലുവിളികൾ.