കല്ലമ്പലം: ആഴാംകോണം ജംഗ്ഷന് സമീപം കൈ കാണിച്ചിട്ട് നിറുത്താതെ പോയ സൂപ്പർഫാസ്റ്റ് ബസിന് നേരെ യുവാക്കൾ കല്ലെറിഞ്ഞു. ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. പാലക്കാട് ഡിപ്പോയിൽ നിന്നു തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ആഴാംകോണത്തെത്തിയപ്പോൾ മൂന്ന് യുവാക്കൾ കൈ കാണിച്ചു. സൂപ്പർഫാസ്റ്റിന് പൊതുവേ സ്റ്റോപ്പില്ലാത്ത സ്ഥലമായതിനാൽ ബസ് നിറുത്തിയില്ല. തുടർന്ന് യുവാക്കളിലൊരാൾ ബസിന് നേരെ കല്ലെറിയുകയായിരുന്നു. ബസിന്റെ ബോഡിയിൽ അതിശക്തമായി കല്ല് പതിച്ചതോടെ ബസ് നിറുത്തി. തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ യാത്രക്കാരും കണ്ടക്ടറും വിവരമറിയിച്ചെങ്കിലും പൊലീസ് സ്ഥലത്തെത്തിയില്ല. ബസ് ജീവനക്കാരും യാത്രക്കാരും യുവാക്കളോട് സംസാരിച്ചെങ്കിലും ഇവർ തിരികെ ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസ് എത്താതെ വന്നതോടെ യുവാക്കൾ രക്ഷപ്പെട്ടു. പിന്നാലെ ബസ് സർവീസ് പുനരാരംഭിച്ചു.