chief-minister-pinarayi-

തിരുവനന്തപുരം:ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ടിന്റെ നടത്തിപ്പ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം അവഗണിച്ച് ഇന്ത്യാ ടൂറിസം ഡവലപ്‌മെന്റ് കോർപ്പറേഷനെ ഏൽപ്പിക്കാൻ തീരുമാനിച്ചത് ഏകപക്ഷീയ നടപടിയാണെന്ന് പ്രധാനമന്ത്റിക്ക് അയച്ച കത്തിൽ മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു.

പദ്ധതിയുടെ സംസ്ഥാന ടൂറിസം ഡവലപ്‌മെന്റ് കോർപ്പറേഷനെ ഏൽപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശിച്ചത്.

തീർത്ഥാടന സർക്യൂട്ടിന്റെ നിർമ്മാണ ഉദ്ഘാടനം സംസ്ഥാന സർക്കാരുമായി ആലോചിക്കാതെ കേന്ദ്ര ടൂറിസം വകുപ്പ് നിശ്ചയിച്ചതിലും മുഖ്യമന്ത്റി അതൃപ്തി പ്രകടിപ്പിച്ചു. ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായാണ് മലയാളിയായ കേന്ദ്ര ടൂറിസം സഹമന്ത്റി അൽഫോൺസ് കണ്ണന്താനം ഈ പ്രശ്നം കൈകാര്യം ചെയ്തത്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഇക്കാര്യം പ്രധാനമന്ത്റിയുടെ ശ്രദ്ധയിൽ പെടുത്തുന്നതെന്നും മുഖ്യമന്ത്റി പറഞ്ഞു.

സർക്യൂട്ടിന്റെ ഉദ്ഘാടനം ഫെബ്രുവരി 10ന് വർക്കല ശിവഗിരിയിൽ നടത്താൻ തീരുമാനിച്ചതായി അറിയിച്ചുകൊണ്ട് അൽഫോൺസ് കണ്ണന്താനം ഒരു കത്തയച്ചിരുന്നു. ഈ പദ്ധതി കേന്ദ്രസർക്കാർ അനുവദിച്ചതിൽ സംസ്ഥാന സർക്കാരിന് നന്ദിയുണ്ട്. പദ്ധതി നർദ്ദേശിച്ചതും വിശദമായ പദ്ധതി രേഖ കേന്ദ്രത്തിന് സമർപ്പിച്ചതും സംസ്ഥാന സർക്കാരാണ്. പദ്ധതിയുടെ ആവർത്തനച്ചെലവുകളും പരിപാലനവും ഏ​റ്റെടുക്കാനും സംസ്ഥാനം സന്നദ്ധത അറിയിച്ചിരുന്നു. എന്നിട്ടും സംസ്ഥാനവുമായി ആലോചിക്കാതെ ഉദ്ഘാടനം നടത്തുന്നത് നിരാശജനകമാണ്.സംസ്ഥാന സർക്കാരുമായി ആലോചിച്ചാണ് കേന്ദ്ര പദ്ധതികൾ നടപ്പാക്കാറുള്ളത്. അല്ലാതെ, ഉദ്ഘാടന തീയതി നിശ്ചയിച്ച് മുഖ്യമന്ത്റിമാരെ അറിയിക്കുന്ന രീതിയില്ലെന്നും കത്തിൽ പറയുന്നു. കണ്ണന്താനത്തിന്റെ കത്തിന്റെ പകർപ്പ് സഹിതമാണ് പ്രധാനമന്ത്റിക്ക് മുഖ്യമന്ത്റി എഴുതിയത്.