veed

കള്ളിക്കാട്: കള്ളിക്കാട് അരുവിക്കുഴിയിൽ ബി.ജെ.പി പ്രവർത്തകനും സ്വകാര്യചാനലിന്റെ പ്രാദേശിക ലേഖകനുമായ ഷിജു രാജശില്പിയുടെ വീടായ അമ്പാടിക്കും ബി.ജെ.പി മേഖലാപ്രസിഡന്റ് ദീപുവിന്റെ വീടായ അയോദ്ധ്യയ്‌ക്കും നേരെയാണ് ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 11ഓടെ പത്തോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇരുവീടുകളിലെയും ജനൽച്ചില്ലുകൾ അക്രമികൾ അടിച്ചുതകർത്തു. സംഭവം നടക്കുമ്പോൾ ഷിജുവിന്റെ വീട്ടിൽ ഷിജുവും ഭാര്യയും മക്കളും, ദീപുവിന്റെ വീട്ടിൽ ദീപുവും അമ്മയും മറ്റ് ബന്ധുക്കളുമാണ് ഉണ്ടായിരുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കള്ളിക്കാട് പ്രദേശങ്ങളിൽ സി.പി.എം - ബി.ജെ.പി നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. സ്ഥലത്ത് സമാധാന അന്തരീക്ഷം നിലനിറുത്താൻ കഴിഞ്ഞ ദിവസം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിച്ച് തീരുമാനങ്ങളെടുത്തതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. കള്ളിക്കാട് പഞ്ചായത്തിലെ വിവിധ പ്രശ്‌നങ്ങൾ ചാനലിൽ റിപ്പോർട്ട് ചെയ്‌തതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് ഷിജു രാജശില്പി നെയ്യാർഡാം പൊലീസിൽ മൊഴി നൽകി. ഷിജുവിന്റെ വീട്ടിലെ ജനൽച്ചില്ലുകളും മുൻ വശത്തെ വാതിലും അക്രമികൾ തകർത്തിട്ടുണ്ട്. കാട്ടാക്കട പൊലീസ് പരിശോധന നടത്തി. ബി.ജെ.പി പ്രാദേശിക ജില്ലാ നേതാക്കൾ സ്ഥലം സന്ദർശിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് കള്ളിക്കാട്ട് യോഗം ചേർന്നു.