മലയിൻകീഴ്: പേയാട് കണ്ണശ മിഷൻ ഹൈസ്കൂൾ കുട്ടികൾ ആരംഭിച്ച ആജീവനാന്ത പെൻഷൻ പദ്ധതി ആയിരം ദിനങ്ങൾ പിന്നിട്ടു. 2016 ൽ ആരംഭിച്ച പദ്ധതിയിലൂടെ 40 കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുന്നത്. വിദ്യാർത്ഥികൾ ദിവസേന ഒരു രൂപവീതം സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള നന്മപ്പെട്ടിയിൽ നിക്ഷേപിക്കും. എല്ലാമാസവും പെട്ടിയിൽ നിന്ന് 500 രൂപവീതം തിരഞ്ഞെടുക്കുന്ന കുടുംബങ്ങൾക്ക് പെൻഷനായി നൽകും. സ്കൂൾ മാനേജർ ആനന്ദ് കണ്ണശയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി. ശങ്കർ പദ്ധതി ഉദ്ഘാടനം ചെയ്തു. വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനിൽകുമാർ, നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശാലിനി, ഹെഡ്മാസ്റ്റർ ഡോ. രാജേന്ദ്രബാബു, പി.ടി.എ. പ്രസിഡന്റ് എ.വി. അജയൻ, നടി സുമിശ്രീകുമാർ, നന്മ കോഡിനേറ്റർ അഞ്ജന. വി.എൻ, സ്കൂൾ ലീഡർ അക്ഷയ. എ.എസ് എന്നിവർ പങ്കെടുത്തു.