തിരുവനന്തപുരം: പാൽക്കുളങ്ങര കവറടിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ മൂന്ന് ആർ. എസ്. എസ് പ്രവർത്തകർക്ക് വെട്ടേറ്റു. പാൽക്കുളങ്ങര ബസ്തികാര്യവാഹ് നിർമ്മാല്യത്തിൽ ഷാജി (35) ശാഖാ മുഖ്യശിഷക് ശ്യാം(27), ഇയാളുടെ സഹോദരൻ ശരത് (29) എന്നിവർക്കാണ് വെട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശ്യാം വെന്റിലേറ്ററിലാണ്. അപകടനില തരണം ചെയ്തിട്ടില്ല. സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ദിനീത്, ഷാരോൺ എന്നിവരെ വഞ്ചിയൂർ പൊലീസ് അറസ്‌റ്റ് ചെയ്തു. പരിക്കേറ്റ ഇരുവരും ജനറൽ ആശുപത്രിയിൽ പൊലീസ് കാവലിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി 12 നായിരുന്നു സംഭവം. ശ്യാമിന്റെ ബന്ധുവിന്റെ വീടിന്റെ പാലുകാച്ചിന് ശേഷം മടങ്ങുകയായിരുന്നു ഇവർ. കവറടി ജംഗ്ഷനിലൂടെ ബൈക്കിൽ പോകവെ ചുവരെഴുതിക്കൊണ്ടുനിന്ന ദിനീതും ഷാരോണും മറ്റ് അഞ്ച് പ്രവർത്തകരും ചേർന്ന് തടയുകയും ട്യൂബ്‌ലൈറ്റ് കൊണ്ട് അടിക്കുകയുമായിരുന്നു. തുടർന്ന് ദിനീത് ബാഗിൽ നിന്ന് വെട്ടുകത്തിയെടുത്ത് ശ്യാമിന്റെ വയറ്റിൽ ആഞ്ഞുവെട്ടി. ശ്യാമിന്റെ വയർ പിളർന്ന് കുടൽമാല പുറത്ത് ചാടി. തടയാൻ ശ്രമിച്ച ഷാജിക്കും വെട്ടേറ്റു. ഷാജിയുടെ വലതുകൈ തോളിന്റെ ഭാഗത്ത് വച്ച് വേർപെട്ടു പോയി. രക്തത്തിൽ കുളിച്ചു കിടന്ന ശ്യാമിന്റെ നിലവിളി കേട്ടെത്തിയവരാണ് മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചത്.
കുമാരപുരത്ത് മാർജിൻ ഫ്രീഷോപ്പ് നടത്തുന്ന ഷാരോൺ സേവാഭാരതി ജില്ലാ സെക്രട്ടറി ശീവേലി മോഹനനെ വെട്ടിയതടക്കം നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ബി.ജെ.പി പ്രവർത്തകനെ മർദ്ദിച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മണക്കാട് കുര്യാത്തിയിലെ മുടിയൻ എന്നറിയപ്പെടുന്ന ദിനീത്. രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.