ചിറയിൻകീഴ്: ഭക്തവത്സലയായ ശാർക്കര ദേവിയുടെ തിരുനടയിൽ പതിനായിരങ്ങൾ ഇന്ന് പൊങ്കാല അർപ്പിക്കും. ക്ഷേത്രമുറ്റത്ത് പ്രത്യേക പൂജകൾക്ക് ശേഷം ഒരുക്കുന്ന പണ്ടാര അടുപ്പിൽ ക്ഷേത്ര മേൽശാന്തി കോയിക്കൽ മഠം ജനാർദ്ദനൻ പോറ്റി രാവിലെ 9.30ന് തീ പകരുന്നതോടെയാണ് പൊങ്കാല ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 11.30ന് ഇരുപതിലേറെ ശാന്തിക്കാർ പൊങ്കാല നിവേദ്യം നടത്തും. ശാർക്കരയിലെ വിശാലമായ പറമ്പിൽ അമ്പതിനായിരത്തിൽപ്പരം പൊങ്കാല അടുപ്പുകൾ ഇന്നലെ തന്നെ ക്ഷേത്ര ഉപദേശക സമിതിയുടെ മേൽനോട്ടത്തിൽ ക്രമീകരിച്ചിരുന്നു. കൂട്ടിയ അടുപ്പുകളിൽ പലരും കലങ്ങളിൽ പേരെഴുതി അവരുടേതായ സ്ഥാനങ്ങൾ ഇന്നലെ തന്നെ ഉറപ്പിച്ചു കഴിഞ്ഞു. അന്യദേശങ്ങളിൽ നിന്നും ശാർക്കരയിലെ ബന്ധുവീടുകളിൽ തങ്ങി പൊങ്കാല സമർപ്പണത്തിനെത്തുന്നവരും നിരവധിയാണ്. ഇന്നലെ വൈകിട്ടോടെ തന്നെ പൊങ്കാല ഭക്തരെയും ഭക്തജനങ്ങളെയും കൊണ്ട് ശാർക്കര തിരക്കിലമർന്നു കഴിഞ്ഞു. ശാർക്കര ക്ഷേത്ര നഗരിയിൽ മുഖ്യ അലങ്കാര ഗോപുരത്തിന് അടുത്തായുള്ള ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ഭക്തർക്കായി പ്രത്യേക കൗണ്ടറിലൂടെ സംഭാരവും പഴവർഗങ്ങളും വിതരണം ചെയ്യും.
ശുദ്ധജലവിതരണത്തിനായി ക്ഷേത്ര കോമ്പൗണ്ടിന് ചുറ്റും നൂറോളം ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്
പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടറുടെ നേതൃത്വത്തിൽ ശാർക്കരയിലെ കുടിവെള്ളക്കിണറുകളിൽ ക്ലോറിനേഷൻ നടത്തി
ഭക്തജനങ്ങൾക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശാർക്കരയിലും പരിസര പ്രദേശങ്ങളിലും ഭക്ഷണം, ദാഹജലം എന്നിവ സൗജന്യമായി നൽകും
ഭക്ഷണം വിതരണം ചെയ്യുന്നവർ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചുള്ള വിവരണവും ബന്ധപ്പെട്ടവർ നൽകിയിട്ടുണ്ട്
കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും
ടെമ്പോ, ആട്ടോ തുടങ്ങിയവ ക്ഷേത്രത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ സൗജന്യ സർവീസ് നടത്തും
വനിതാ പൊലീസുകാരുൾപ്പെടെ നൂറുകണക്കിന് പൊലീസ് സേനയെ ശാർക്കരയിൽ വിന്യസിച്ചിട്ടുണ്ട്