kaliyoot

ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ കാളിയൂട്ട് മഹോത്സവത്തിന് ഭക്തിനിർഭരമായ തു‌ടക്കം. ക്ഷേത്ര മേൽശാന്തി കാവേരി മഠം ജനാർദ്ദനൻ പോറ്റിയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര ഭണ്ഡാരപ്പിള്ള രാമചന്ദ്രൻ നായർ താളിയോലയിൽ നീട്ടെഴുതി പൊന്നറ കുടുംബത്തിലെ ഉണ്ണിക്ക് കൈമാറിയായിരുന്നു കുറികുറിക്കൽ ചടങ്ങ് നിർവഹിച്ചത്. ക്ഷേത്ര സന്നിധിയിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ഇന്നലെ രാവിലെ 8നും 8.30നും ഇടയ്ക്കായിരുന്നു കുറി കുറിക്കൽ ചടങ്ങ് നടന്നത്. ഇതോടെ 9 ദിവസം നീളുന്ന കാളിയൂട്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. രണ്ടാം ദിനമായ ഇന്ന് കുരുത്തോലയാട്ടവും പഴങ്കഥ പറച്ചിലും നടക്കും. വെള്ളാട്ടം കളിയിലൂടെ ദേവിയുടെ ക്ഷീണം മാറ്റി ആനന്ദിപ്പിക്കാനായി കുരുത്തോല തുള്ളൽ നടത്തുന്നു എന്നാണ് പറയപ്പെടുന്നത്. കാളിയൂട്ടിനോടനുബന്ധിച്ച് ഒൻപത് ദിവസം നടക്കുന്ന അനുഷ്ഠാനങ്ങളിൽ ദേവീചൈതന്യം വർദ്ധിത അളവിൽ പ്രവഹിക്കുമെന്നാണ് വിശ്വാസം. ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ അരങ്ങേറിയ കുറികുറിക്കൽ ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അഡ്വ. ജി. സുരേന്ദ്രൻ, സെക്രട്ടറി സി.എസ്. അജയകുമാർ, ശാർക്കര ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെസി, ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.