പാലോട്: പിക്അപ് വാൻ തട്ടി ബൈക്ക് യാത്രികനായ അദ്ധ്യാപകൻ മരിച്ചു. ജവഹർകോളനി ഗവൺമെന്റ് ഹൈസ്‌കൂളിലെ സീനിയർ അസിസ്റ്റന്റ് ഭരതന്നൂർ മൂന്നമുക്ക് വട്ടവയൽ നിർമ്മാല്യത്തിൽ സുധീന്ദ്രൻ പിള്ളയാണ് (46) മരിച്ചത്. ചെങ്കോട്ട ഹൈവേയിൽ പാലോട് കരിമൺകോട് വളവിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം. പാലോട് നിന്ന് ബൈക്കിൽ ജവഹർകോളനിയിലേക്ക് പോകുമ്പോൾ, മുന്നിൽ സഞ്ചരിച്ച പിക്അപ് വാനിന്റെ ബോഡി ഹുക്കിൽ തട്ടുകയായിരുന്നുവെന്ന് പാലോട് പൊലീസ് പറഞ്ഞു. ബൈക്ക് ഓടിക്കുകയായിരുന്ന സുധീന്ദ്രൻപിള്ള റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. പിൻസീറ്റ് യാത്രക്കാരനും സ്‌കൂളിലെ ക്ലർക്കുമായ കണ്ണൂർ സ്വദേശി വിജയകുമാറിനെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലോട് നിന്ന് ആംബുലസ് എത്തിയാണ് ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചത്. യാത്രാമദ്ധ്യേ സുധീന്ദ്രൻ പിള്ള മരിച്ചു. 16 വർഷമായി വിവിധ സർക്കാർ വിദ്യാലയങ്ങളിൽ ഹിന്ദി ഭാഷാദ്ധ്യാപകനാണ്. ദീർഘനാൾ ഇടിഞ്ഞാർ ട്രൈബൽ ഹൈസ്‌കൂളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് രാവിലെ സ്‌കൂൾ അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: സൗമ്യ.രണ്ടു പെൺമക്കളുണ്ട്.