1997ൽ കോഴിക്കോട് നടന്ന കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ വച്ചാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ സംസ്ഥാന സർക്കാർ ഗതാഗതനയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്. വർഷം 21 കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച ആലോചനകൾ ഒന്നും നടന്നില്ല. അന്നത്തെ എൽ.ഡി.എഫ് സർക്കാരിന്റെ ആശയത്തെ തുടർന്നു വന്ന യു.ഡി.എഫ് സർക്കാർ തള്ളിക്കളയുകയും ചെയ്തു.
പിന്നീട് കെ.എസ്.ആർ.ടി.സിയുടെ കഷ്ടകാലം മാറുമെന്ന് തോന്നിയത് മാത്യു ടി.തോമസ് ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ്. ഈ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോഴും കോർപ്പറേഷനെ ആകെ പരിഷ്കരിച്ച് ജനോപകാരപ്രദമാക്കി മാറ്റുമെന്ന പ്രതീക്ഷയാണ് ഉണ്ടായത്. പെൻഷൻ വിതരണം പരിഷ്കരിച്ച് സഹകരണബാങ്കുകൾ വഴിയാക്കിയതാണ് എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങളിൽ ഒന്നാമത്. പക്ഷേ, കോർപ്പറേഷനെ നവീകരിക്കുന്ന പ്രതീക്ഷകൾ മങ്ങിത്തുടങ്ങിയിരിക്കുകയാണ്. ഒരു ഗതാഗതനയം കൊണ്ടുവന്ന് കെ.എസ്.ആർ.ടി. സി എന്തിനു വേണ്ടിയാണ് എന്ന് നിർവചിക്കാനാകണം.
ഇത് വ്യവസായമാണോ? അതോ സേവന മേഖലയാണോ? രണ്ടായാലും സർക്കാർ മനസുവച്ചാൽ മാത്രമെ നടന്നുപോകൂ. സേവനമേഖലയാണെങ്കിൽ കെ.എസ്.ആർ.ടി.സിയുടെ സാന്നിദ്ധ്യം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കണം. ലാഭത്തിന്റെ പേരിൽ നിറുത്തിയ സ്റ്റേബസുകളും ഓർഡിനറി സർവീസുകളും പുനരാരാംഭിക്കണം. ഏതു ഓണംകേറാമൂലയിലും മുമ്പൊക്കെ ഒരു കെ.എസ്.ആർ.ടി.സി ബസ് ഓടിയെത്തുമായിരുന്നു. അത് പ്രതീക്ഷിച്ച് കുറെ യാത്രക്കാരുമുണ്ടാകുമായിരുന്നു. ഷെഡ്യൂൾ പുനക്രമീകരണത്തിന്റെ പേരിൽ അത്തരം സർവീസുകളൊന്നും ഇപ്പോഴില്ല. സർക്കാർ പ്രഖ്യാപിക്കുന്ന സൗജന്യങ്ങളുടെ കാശ് കൃത്യമായി കോർപ്പറേഷന് നൽകണം. മാത്രമല്ല, സേവനത്തിൽ ലാഭം ഉറപ്പിക്കാൻ നോക്കാതെ ആവശ്യത്തിന് ഗ്രാന്റു കൂടി നൽകണം.
അതല്ല വാണിജ്യമേഖലയാണെങ്കിൽ അതിനുള്ള ആനുകൂല്യം നൽകണം. കെ.എസ്.ആർ.ടി.സിയുടെ ഡീസൽ നികുതി കുറച്ചു നൽകാൻ കോർപ്പറേഷന്റെ നഷ്ടക്കണക്ക് വല്ലാതെ പെരുകിയപ്പോഴൊക്കെ ആവശ്യം ഉയർന്നിട്ടുള്ളതാണ്. അപ്പോഴൊന്നും ചെവിക്കൊണ്ടിട്ടില്ല. 24 ശതമാനം ആണ് നികുതി. അത് നാല് ശതമാനമാക്കിയാൽ തന്നെ മാസം 18 കോടി രൂപ കോർപ്പറേഷന് മിച്ചംപിടിക്കാൻ കഴിയും.
ഈ മന്ത്രിസഭയുടെ ആദ്യ ബഡ്ജറ്റിലാണ് സി.എൻ.ജി ബസ് വാങ്ങുന്ന പദ്ധതി പ്രഖ്യാപിക്കപ്പെടുന്നത്. മുന്നൂറു കോടി രൂപ അനുവദിക്കുമെന്ന് പറയുകയും ചെയ്തു. ഇപ്പോഴും കെ.എസ്.ആർ.ടി.സിയുടെ പക്കൽ ഉള്ളത് ഒരു സി.എൻ.ജി ബസ് . ഇവിടെ സി.എൻ.ജി ബസിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോൾ തന്നെ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ 500 സി.എൻ.ജി ബസ് നിരത്തിലിറക്കി കഴിഞ്ഞിരുന്നു. 150 ഇലക്ട്രിക് ബസുകളും വാങ്ങി. കർണാടകത്തിന്റെ കെ.എസ്.ആർ.ടി.സി ഓടുന്നത് പ്രതിവർഷം പത്തുകോടി ലാഭത്തിലാണ്. സാമൂഹ്യപ്രതിബദ്ധത നിറവേറ്റിക്കൊണ്ടാണ് കർണാടകത്തിലെ എല്ലാം റൂട്ടിലേക്കും അവരുടെ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾ സർവീസ് നടത്തുന്നത്. നമ്മുടെ കെ.എസ്.ആർ.ടി.സിയാകട്ടെ ഉള്ള ബസ് സർവീസുകളൊക്കെ വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. ഇവിടെ രാത്രിവണ്ടികളും സ്റ്റേബസുകളുമൊക്കെ നിറുത്തലാക്കുമ്പോൾ, അവിടെ ചില റൂട്ടുകളിൽ 24 മണിക്കൂറും ബസ് സർവീസുണ്ട്. പ്രതിവർഷം തൊള്ളായിരം കോടി നഷ്ടത്തിൽ പ്രവർത്തിക്കുന്ന കേരള ട്രാൻസ്പോർട്ട് കോർപ്പറേഷന് നന്നാവണമെങ്കിൽ കണ്ടു പഠിക്കണം കർണാടകത്തിനെ!
കിഫ്ബിയിൽ നിന്നും കിട്ടാനും കിട്ടാതിരിക്കാനും സാദ്ധ്യതയുള്ള മൂവായിരം കോടി രൂപയാണ് ആദ്യ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. ഇപ്പോഴാകട്ടെ ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനും മറ്റുമായി ആയിരംകോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ കോർപ്പറേഷനെപ്പോലെ തന്നെ നഷ്ടത്തിലാണ് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനും പ്രവർത്തിക്കുന്നത്. തമിഴ്നാട് സർക്കാർ ബഡ്ജറ്റിൽ അനുവദിച്ചത് 2192 കോടി രൂപയാണ്. 100 ചെറിയ ബസുകൾ ഉൾപ്പെടെ 2100 ബസുകൾ വാങ്ങുന്നതിനാണ് കൂടുതൽ തുക. ഡീസൽ സബ്സിഡിയായി 564 കോടി രൂപ. സൗജന്യയാത്ര അനുവദിച്ച വകയിൽ 150 കോടി രൂപയും അനുവദിച്ചു.
തമിഴ്നാട്ടിലും കർണാടകത്തിലുമൊക്കെ 60 വയസു കഴിഞ്ഞവർക്ക് സൗജന്യയാത്രയാണ്. എല്ലാ സൗജന്യത്തിന്റെയും തുക അപ്പപ്പോൾത്തന്നെ സർക്കാർ കോർപ്പറേഷന് നൽകി തീർക്കുകയും ചെയ്യും. തമിഴ്നാടാകട്ടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന അവരുടെ ട്രാൻസ്പോർട്ട് കോർപ്പറേഷന് പ്രതിവർഷം ആയിരംകോടി രൂപയെങ്കിലും അനുവദിക്കാറുമുണ്ട്.
ഇവിടെയോ? സർക്കാർ നൽകിയ കടത്തിന്റെ കണക്കുപോലും എഴുതി തള്ളിയിട്ടില്ല. വിവിധ സൗജന്യങ്ങൾ അനുവദിച്ച വകയിൽ 225 കോടി രൂപയാണ് കോർപ്പറേഷന് സർക്കാർ നൽകേണ്ടത് . അതും നൽകിയിട്ടില്ല. സംസ്ഥാനത്ത് ആകെ സർവീസു നടത്തുന്ന ബസുകളുടെ എണ്ണത്തിൽ കെ.എസ്.ആർ.ടി.സിയുടെ വിഹിതം 27ശതമാനം മാത്രമാണ്.
പ്രിയം സ്വകാര്യ ബസ് ലോബിയോട്
സർക്കാർ ഏതായാലും കെ.എസ്.ആർ.ടി.സിയെക്കാൾ ഇഷ്ടക്കൂടുതൽ സ്വകാര്യബസുകളോടായിരിക്കും. സ്വകാര്യബസുടമകളുടെ കൂട്ടത്തിൽ ഒരു വിഭാഗത്തിനു മാത്രം കിട്ടുന്ന 'സർക്കാർ പരിഗണന' കാരണം കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന പ്രതിദിന വരുമാനനഷ്ടം 60 ലക്ഷം രൂപയാണ്. പാലായിൽ നിന്നും കാസർകോട് വെള്ളരിക്കുന്നിലേക്കുള്ള (396 കി.മീ) സർവീസാണ് കൂട്ടത്തിൽ ഏറ്റവും ദൈർഘ്യമേറിയത്. കൊട്ടാരക്കരയിൽ നിന്നും അമൃത മെഡിക്കൽ കോളേജിലേക്കും കോതമംഗലത്തു നിന്നും തിരുവനന്തപുരത്തേക്കും കൊല്ലത്തു നിന്നും കുമളിയിലേക്കുമെല്ലാം സ്വകാര്യബസുകൾ നിയമം തെറ്റിച്ച് ഓടുന്നുണ്ട്. ഈ ബസുകളെല്ലാം കടന്നു പോകുന്ന സ്ഥലങ്ങളിലെ കെ.എസ്.ആർ.ടി.സിഡിപ്പോകളുടെ മുന്നിൽ നിറുത്തി ആളെക്കയറ്റിയാണ് സവാരി നടത്തുന്നത്.
2014ൽ കോടതി ഉത്തരവിലൂടെയാണ് സൂപ്പർക്ളാസ് സർവീസ് നടത്താനുള്ള അവകാശം കെ.എസ്.ആർ.ടി.സിക്കു മാത്രമായി ലഭിച്ചത്. അതിനു മുമ്പ് സർക്കാർ കൊണ്ടുവന്ന ഉത്തരവുകളെല്ലാം ലംഘിക്കപ്പെട്ടപ്പോഴാണ് കോടതി രക്ഷയ്ക്കെത്തിയത്. സൂപ്പർക്ലാസ് സർവീസ് നഷ്ടപ്പെട്ടതോടെ 140 കിലോമീറ്ററിനപ്പുറത്തേക്കു പോകാൻ സ്വകാര്യബസിനു നിയമ പ്രകാരം കഴിയില്ല. പക്ഷേ എന്തു നിയമം? ഇവിടെ ബസ് ചാർജ് എപ്പോൾ കൂട്ടണമെന്നു തീരുമാനിക്കുന്നതു വരെ സ്വകാര്യബസുകളാണ്. അതിനായി ഒരു നാടകം സർക്കാർ കളിക്കുകയും ചെയ്യും.
നിരത്തുകളിൽ കെ.എസ്.ആർ.ടി.സിയുടെ പ്രമാണിത്വം വന്നാൽ സ്വകാര്യബസുകളുടെ കള്ളക്കളി അവസാനിപ്പിക്കാനാകുമെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, ഒന്നും ചെയ്യാതിരിക്കുന്നത് ആർക്കൊക്കെ വേണ്ടിയാണെന്ന് എല്ലാപേർക്കുമറിയാം. ആര്യാടൻ മുഹമ്മദ് ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് 2012 ൽ സ്വകാര്യ സൂപ്പർക്ലാസുകളെ നിയന്ത്രിക്കുന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്.
(അവസാനിച്ചു)
ലേഖകന്റെ ഫോൺ : 9946108429