തിരുവനന്തപുരം: പാൽകുളങ്ങരയിൽ ആർ.എസ്.എസ് - സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ ഇന്നലെ രാത്രിയിൽ തുമ്പയിലും ബി.ജെ.പി - സി.പി.എം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ചുവരെഴുത്തിനെച്ചൊല്ലിയുണ്ടായ തകർത്തെ തുടർന്നുള്ള സംഘർഷത്തിൽ രണ്ട് സി.പി.എമ്മുകാർക്ക് പരിക്കേറ്റു. സൂരജ്, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിവിളക്ക് സമീപം തമ്പുരാൻമുക്കിൽ ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമ്പുരാൻമുക്കിൽ നിന്നും കരിമണലിലേക്ക് പോകുന്ന വഴിയുടെ ഇരുവശങ്ങളിലെയും ചുവരുകൾ ബുക്ക് ചെയ്യുന്നതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇന്നലെ രാത്രി സി.പി.എം പ്രവർത്തകർ ചുവരെഴുതാനെത്തിയപ്പോൾ ബി.ജെ.പിക്കാർ തടയുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കം കൈയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം സി.ഐ സുരേഷ് എസ്.വൈയുടെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ബുധനാഴ്ച രാത്രി പാൽകുളങ്ങരയിൽ ആർ.എസ്.എസ് - സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് ആർ.എസ്.എസുകാർക്ക് വെട്ടേറ്റ സാഹചര്യത്തിൽ പൊലീസ് ജില്ലയിൽ കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് തുമ്പയിലും ഏറ്റുമുട്ടലുണ്ടായത്.