കുട്ടനാട്: ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട 19കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. എടത്വ പഞ്ചായത്ത് രണ്ടാം വാർഡ് തായങ്കരി ചെറുവള്ളിക്കാവ് വീട്ടിൽ ചന്ദ്രബാബുവിന്റെ മകൻ അഖിൽ.സി.ബാബുവിനെയാണ് (22) ബുധനാഴ്ച ഉച്ചയോടെ പുളിങ്കുന്ന് സി.ഐ കെ.പി. ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: വെബ്‌സൈറ്റ് ഡിസൈനറായ പ്രതി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും അതു കാട്ടി ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിക്കുകയുമായിരുന്നു. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ കെ.പി. ടോംസണിന്റെ അപേക്ഷയെ തുടർന്ന് കോടതി രണ്ട് ദിവസത്തേക്ക് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ, അഖിൽ ഉപയോഗിച്ചിരുന്ന ലാപ്പ്‌ടോപ്പ്, ബൈക്ക് എന്നിവ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇയാളുടെ വലയിൽ ഇതേരീതിയിൽ കൂടുതൽ പെൺകുട്ടികൾ വീണിട്ടുണ്ടോയെന്ന വിശദമായ പരിശോധനയിലാണ് പൊലീസ്.