തിരുവനന്തപുരം: നഗരത്തിലെ ഓട്ടോക്കാർക്കും തട്ടുക്കച്ചവടക്കാർക്കും ഇടയിൽ പലിശക്കാരനായി വിലസിയ യുവാവ് മാല മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞപ്പോൾ നാട്ടുകാർക്കൊപ്പം പൊലീസും ഞെട്ടി. തിരുമല ശ്രീകൃഷ്ണ ആശുപത്രിക്ക് സമീപം ഒരു സ്ത്രീയുടെ മാല പൊട്ടിച്ച കേസിൽ പിടിയിലായ പൂജപ്പുര ചിത്രാ നഗറിൽ ലക്ഷ്മി വിലാസത്തിൽ സജീവിന്റെ (28) വീട്ടിൽ നടത്തിയ റെയ്ഡിലാണ് പണം പലിശയ്ക്ക് കൊടുത്തതിന്റെ കണക്കെഴുതിയ ഡയറി പൊലീസിന്റെ കൈയിലകപ്പെട്ടത്. മാലപൊട്ടിച്ചാലുടൻ പണയം വയ്ക്കുകയും വട്ടച്ചെലവിനുള്ള പണം കൈവശം വച്ചശേഷം ബാക്കി ആവശ്യക്കാർക്ക് അഞ്ച് , ആറ് രൂപ നിരക്കിൽ പലിശയ്ക്ക് കൊടുക്കുകയും ചെയ്യുന്നതാണ് സജീവിന്റെ രീതി. നാട്ടിലും നഗരത്തിലും ഓട്ടോ റിക്ഷക്കാർക്കും തട്ടുകച്ചവടക്കാർക്കും പണം പലിശക്ക് കൊടുത്തതിന്റെ കണക്ക് ആണ്ടുമാസം തീയതിയും തുകയും സഹിതം അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡയറിയുടെ പത്തോളം പേജുകളിൽ നിരനിരയായി പണവും പലിശയും രേഖപ്പെടുത്തിയിട്ടുള്ള ഡയറി കൈയിൽ കിട്ടിയതോടെ കഴിഞ്ഞ പത്തുമാസത്തിനകം സജീവ് നടത്തിയ മാലപൊട്ടിക്കലുകളെപ്പറ്റി പൊലീസിനും ഒരു ധാരണയായി.
മാലപൊട്ടിച്ച ദിവസങ്ങളിൽ തന്നെ പണയപ്പെടുത്തുകയും പണം പലിശയ്ക്ക് കൊടുക്കുകയും ചെയ്യുന്നതിനാൽ ഡയറിയിൽ രേഖപ്പെടുത്തിയ ദിവസങ്ങളിലെല്ലാം സജീവ് മാലപൊട്ടിക്കൽ നടത്തിയിരുന്നുവെന്നാണ് പൊലീസിന്റെ കണക്ക്കൂട്ടൽ. ഏതാണ്ട് ഏഴു ലക്ഷത്തോളം രൂപയുടെ കണക്കുകളാണ് അതിലുള്ളത്. രണ്ടാഴ്ചയ്ക്കുളളിൽ നടത്തിയ മൂന്ന് മാലപൊട്ടിക്കൽ കേസുകളാണ് സജീവ് സമ്മതിച്ചിട്ടുള്ളതെങ്കിലും ഡയറി പിടികൂടിയ സാഹചര്യത്തിൽ പലിശയ്ക്ക് കൊടുത്ത പണത്തിന്റെ ഉറവിടം പൊലീസിന് വ്യക്തമാകേണ്ടതുണ്ട്. ഇതിനായി സജീവിനെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഊടുവഴികൾ വരെ കാണാപാഠമാക്കിയ സജീവ് വൃദ്ധരായ സ്ത്രീകളെയാണ് മാലപൊട്ടിക്കലിന് ഇരയാക്കുന്നത്. കാര്യമായ ചെറുത്ത് നിൽപ്പില്ലാതെ കാര്യം നടത്തി മടങ്ങാമെന്നതാണ് വൃദ്ധ സ്ത്രീകളെ ലക്ഷ്യം വയ്ക്കാൻ കാരണം. ഇത്തരത്തിൽ വൃദ്ധകൾ തനിച്ച് താമസിക്കുന്ന വീടുകൾ പോലും തിരിച്ചറിഞ്ഞ് ഇയാൾ മാലപൊട്ടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ആർക്കും സംശയം തോന്നാത്ത വിധം ഫുൾ സ്ളീവ് ഷർട്ടും പാന്റും ധരിച്ച് ഹെൽമറ്റും വച്ചാണ് സജീവ് ഓപ്പറേഷനിറങ്ങുക.
കവർച്ചയ്ക്ക് ഉപയോഗിച്ചത് പിടിച്ചെടുത്ത സ്കൂട്ടർ
പലിശയ്ക്ക് വാങ്ങിയ പണം തിരികെ നൽകാത്തതിന് സുഹൃത്തിൽ നിന്ന് പിടിച്ചെടുത്ത സ്കൂട്ടറിലാണ് സജീവ് മാലപൊട്ടിക്കാൻ തുടങ്ങിയത്. ഇതിലായിരുന്നു മാസങ്ങളായി സജീവിന്റെ സഞ്ചാരം.രജിസ്ട്രേഷൻ നമ്പരിന്റെ ഒരക്കം ഇളക്കി മാറ്റിയും മറ്റൊരക്കം ചെളിതേച്ച് മറച്ചുമായിരുന്നു മാലപൊട്ടിച്ചത്. മാലപൊട്ടിച്ച് രക്ഷപ്പെടുന്നിതിനിടെ സി.സി.ടി.വിയിൽ കുടുങ്ങിയ സ്കൂട്ടറിന്റെ നമ്പർ പ്ളേറ്റും അതിന് താഴ് വശത്തുള്ള താടിക്കാരന്റെ സ്റ്റിക്കറും തിരിച്ചറിഞ്ഞ ട്രാഫിക് പൊലീസുകാരനായ ബിജു മ്യൂസിയത്തിന് സമീപം റോഡരികിൽ നിന്ന് സ്കൂട്ടർ കണ്ടെത്തിയതായി കമ്മിഷണർക്ക് കൈമാറിയിരുന്നു .
ഈ രഹസ്യവിവരമാണ് ഷാഡോ പൊലീസ് സംഘത്തിന് സജീവിനെ പിടികൂടാൻ സഹായകമായത്. സജീവിന്റെ പക്കൽ നിന്ന് മാലയും സ്കൂട്ടറും കണ്ടെത്തിയ പൊലീസ് സംഘം വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ചിരുന്ന പണം ഇടപാട് ഡയറി കണ്ടെത്തിയത്.ഡയറിയിൽ പേരുളളവരെ നേരിൽ കണ്ട് പണമിടപാടിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർ എസ്.സുരേന്ദ്രൻ, അസി. കമ്മിഷണർമാരായ സുരേഷ് കുമാർ, ദിനരാജ് എന്നിവരുടെ നേതൃത്വത്തിലാണ് സജീവിനെ പിടികൂടിയത്.