പറവൂർ: ഭർത്താവിന് ഭക്ഷണത്തോടൊപ്പം ഉറക്കഗുളിക നൽകി, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി തൂങ്ങിമരിച്ചതാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച കേസിൽ ഭാര്യ കുറ്റക്കാരിയാണെന്ന് പറവൂർ അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി കണ്ടെത്തി. പ്രതിയായ കാക്കനാട് തേങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരിയിൽ സജിതയുടെ (39) ശിക്ഷ ഇന്ന് വിധിക്കും. ഭർത്താവ് പോൾ വർഗീസാണ് (42) കൊല്ലപ്പെട്ടത്.
കോട്ടയം പാമ്പാടി സ്വദേശി പാമ്പാടിക്കണ്ടത്തിൽ ടിസൻ കുരുവിളയുമായി സജിതയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇയാൾക്കൊപ്പം ജീവിക്കാൻ വേണ്ടിയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. കേസിൽ രണ്ടാം പ്രതിയായി ടിസൻ കുരുവിള പ്രതിചേർക്കപ്പെട്ടിരുന്നെങ്കിലും സാഹചര്യ തെളിവുകളുടെ അഭാവത്തിൽ ഇയാളെ കോടതി വെറുതെവിട്ടു.
2011 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് സജിത ഭർത്താവിന് ഉറക്കഗുളികകൾ കലർത്തിയ ഭക്ഷണം നൽകി. മയങ്ങിയെന്ന് ഉറപ്പായശേഷം കഴുത്തിൽ തോർത്ത് ഉപയോഗിച്ചു മുറുക്കിയും മുഖത്ത് തലയണ അമർത്തിയും കൊലപ്പെടുത്തി. മരിച്ചുവെന്ന് ഉറപ്പായശേഷം സജിത ബന്ധുക്കളെ വിളിക്കുകയും തൂങ്ങിമരണമാണെന്ന് പറയുകയും ചെയ്തു. സമീപവാസികളുടെ സഹായത്തോടെ മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമല്ലെന്നു വ്യക്തമായതോടെയാണു സജിത പിടിയിലായത്.
സജിതയും ടിസൻ കുരുവിളയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ഇവരുടെ പരസ്പരവിരുദ്ധമായ മൊഴികളും കേസിൽ നിർണായക തെളിവായി. കൊലപാതകം നടക്കുന്ന സമയത്ത് സജിതയുടെ എട്ടും നാലും വയസുള്ള കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നു. തൃക്കാക്കര സർക്കിൾ ഇൻസ്പെക്ടറായിരുന്ന ബൈജു പൗലോസാണ് അന്വേഷണം നടത്തിയത്. ഡിവൈ.എസ്.പി വി.കെ. സനിൽകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.