ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെ ചാരിതാർത്ഥ്യത്തിലാണ് ലോക പ്രശസ്ത കാൻസർ ചികിത്സാ വിദഗ്ദ്ധൻ ഡോ. എം. വി. പിളള. (ഗ്ളോബൽ വൈറസ് നെറ്റ്വർക്കിലെ സീനിയർ ഡയറക്ടർ. ഇന്റർനാഷണൽ നെറ്റ്വർക്ക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസർച്ചിന്റെ അമേരിക്കൻ ഘടകത്തിന്റെ പ്രസിഡന്റ്. തോമസ് ജെഫേഴ്സൺ സർവകലാശാലയിലെ ഓങ്കോളജി പ്രൊഫസർ. )
പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് ലോകനിലവാരത്തിലുള്ള അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ രാജ്യത്തിന് സമർപ്പിക്കുമ്പോൾ കേരളം ഈ മനുഷ്യന് നന്ദി പറയണം. ഭരണാധികാരികളുടെ വാതിലിൽ നിരന്തരമായി മുട്ടി ഇത് കേരളത്തിൽ തന്നെ തുടങ്ങാൻ ഇടയാക്കിയതിന്. കേരളകൗമുദിയോട് ഡോ. എം.വി. പിള്ള സംസാരിച്ചപ്പോൾ.
ഒന്നാം ഘട്ടം പൂർത്തിയായി.എന്താണ് പ്രത്യേകത?
ഇപ്പോൾ ഇന്ത്യയിൽ ആകെ പൂനെയിൽ ഒരു വൈറോളജി ലാബ് മാത്രമാണുള്ളത്. വൈറസ് ബാധകൾ ഉണ്ടാകുമ്പോൾ അവർക്ക് കണ്ടുപിടിക്കാവുന്നത് മാത്രം അവർ കണ്ടുപിടിക്കും. പറ്റാത്തത് വിദേശ ലാബുകളിലേക്ക് അയയ്ക്കും. കണ്ടുപിടിക്കുന്നതോടെ അവരുടെ ജോലി തീരും. തുടർന്നുള്ള പഠനമോ ഗവേഷണമോ പ്രതിരോധമോ ഒന്നും അവർക്ക് കഴിയില്ല. എന്നാൽ ഇന്ന് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത് വേൾഡ് ക്ളാസ് ഡയഗനോസ്റ്റിക് ലാബാണ്. ഗ്ളോബൽ വൈറസ് നെറ്റ്വർക്കുമായി കണക്ടഡാണ് ഈ ലാബ്. 28 രാജ്യങ്ങളിലായുള്ള 45 സെന്ററുകളിലെ വിദഗ്ദ്ധരുടെ വൈദഗ്ദ്ധ്യവും നമുക്ക് വളരെ എളുപ്പം പ്രയോജനപ്പെടുത്താനാവും. ശരിക്കും ഇന്റർപോൾ രാജ്യാന്തര തലത്തിൽ കേസുകൾ അന്വേഷിക്കുന്നതു പോലെയാണ്. ഒരു വൈറസ് അത് എങ്ങനെ വരുന്നു, എന്താണ് അതിന്റെ സ്ഥിതി, പ്രതിരോധം എങ്ങനെ വേണം എന്നൊക്കെ വളരെ എളുപ്പം ഗവേഷണം നടത്തി കണ്ടുപിടിക്കാൻ കഴിയും.
രണ്ടാം ഘട്ടത്തിൽ എപ്പിഡമോളജി പഠനത്തിനും പ്രതിരോധത്തിനും മുൻതൂക്കം ലഭിക്കും. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാണ് ഈ പഠനം നടത്തുക. ഉദാഹരണത്തിന് നിപ്പാ വൈറസ് ബാധയുണ്ടായി. കുറേപ്പേർ മരിച്ചു. ചിലർ ജീവിച്ചിരിക്കുന്നു. അവർക്ക് വൈറസ് ബാധയുണ്ടോ. അത് പൂർണമായും അമർച്ച ചെയ്യപ്പെട്ടോ തുടങ്ങിയ പഠനങ്ങൾ നടത്താനും പ്രതിരോധ വാക്സിനുകൾ കണ്ടെത്താനും കഴിയും. 28000 ചതുരശ്രഅടിയിലാണ് ആദ്യഘട്ടം. രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ ഒരുലക്ഷം ചതുരശ്ര അടിയിലുള്ള സ്ഥാപനമായി മാറും.
എന്ന് പണി തീരും?
അത് സർക്കാർ താത്പര്യമെടുക്കുന്നതു പോലെയിരിക്കും.
ഗ്ളോബൽ വൈറസ് നെറ്റ്വർക്കിന്റെ പരിധിയിൽ വരുന്നതിന്റെ പ്രത്യേകത?
ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ പല വിദഗ്ദ്ധരുടെയും സേവനം ലഭ്യമാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉദാഹരണത്തിന് ഹെപ്പറ്റൈറ്റിസ് ബിയിലെ ഗവേഷണത്തിലെ അതോറിട്ടിയായ ക്രിസ്റ്റ്യൻ ബ്രഷോ ഉദ്ഘാടനത്തിന് എത്തിയിട്ടുണ്ട്. ഗ്ളോബൽ വൈറസ് നെറ്റ്വർക്കിന്റെ ഡയറക്ടർ ആണ്. അതുപോലെ ഗ്ളോബൽ വൈറസ് നെറ്റ് വർക്കിന്റെ സ്ഥാപകരിലൊരാള ഡോ.റോബർട്ട് ഗാലോ,ഹെപ്പൊറ്റൈറ്റിസ് - സിയ്ക്ക് മരുന്ന് കണ്ടുപിടിച്ച ബാൾട്ടിമാർ മേരിലാൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ വൈറോളജിയിലെ ശ്യാമസുന്ദരൻ. അദ്ദേഹം തൃശൂർ മെഡിക്കൽ കോളേജിന്റെ പ്രോഡക്ടാണ് . അതുപോലെ ഡോ.ശാരംങ്്ഗധരൻ ഇവരൊക്കെയെത്തിയിട്ടുണ്ട്.ഇവരെപ്പോലെയുള്ള ലോകത്തിലെ ഏറ്റവും വലിയ വിദഗ്ദ്ധരുടെ സഹകരണം വലിയ സംഭാവനയായിരിക്കും.
ജനങ്ങൾക്കുള്ള പ്രയോജനം?
ഇതൊരു ദന്തഗോപുരമല്ല. ജനങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്. ഒരു സ്ഥലത്ത് പകർച്ചവ്യാധി ഉണ്ടായാൽ ഇവിടെ നിന്നുള്ള ടീം മുന്നിട്ടി റങ്ങും. അവിടെ ചെന്ന് കാരണം കണ്ടെത്തുകയും പ്രതിരോധം നടപ്പാക്കുകയും ചെയ്യും. വൈറസ് ബാധ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കും. ഇത് ജനങ്ങൾക്കു വേണ്ടിയാണ് പൂർണമായും.
കഴിഞ്ഞ സർക്കാരിന്റെ കാലത്തും ശ്രമം നടത്തിയിരുന്നല്ലോ.
അതേ. അന്ന് വി.എം. സുധീരൻ പിന്തുണച്ചു. കെ.പി.സി.സി പ്രസിഡന്റെന്ന നിലയിൽ വി.എം. സുധീരൻ ഇത് സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയും താത്പ്പര്യമെടുത്തു.രണ്ടുകോടി രൂപയും വകയിരുത്തി. പക്ഷേ സെക്രട്ടറിമാർ എതിർത്തു. അന്നത്തെ ആരോഗ്യ സെക്രട്ടറി തന്നെ ഇത് വേണ്ടെന്നു വച്ചു. ഒരു കാര്യം പറയാതിരിക്കാൻ വയ്യ. നമ്മുടെ സെക്രട്ടറിമാരിൽ ബഹുഭൂരിപക്ഷത്തിനും (എല്ലാവരും അങ്ങനെയാണെന്നല്ല) കേരളത്തോട് ഒരു താത്പര്യവുമില്ല. അവർക്കു സ്വന്തം സ്ഥാനമാനങ്ങളിലും ആനുകൂല്യങ്ങളിലും മാത്രമാണ് താത്പര്യം. എന്റെ അനുഭവമാണ് ഇത് പറയിപ്പിക്കുന്നത്.
ഈ സർക്കാരിന്റെ റോൾ?
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സെക്രട്ടറിമാർ തീരുമാനിക്കുമെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രി നേരിട്ടു തീരുമാനിച്ചു നടപ്പിലാക്കാൻ താഴോട്ട് നിർദ്ദേശിക്കുകയാണ്. അതാണ് വ്യത്യാസം. ഞാൻ വെറുതെ പറയുകയല്ല. ഇപ്പോൾ ഇത് യാഥാർത്ഥ്യമാകുന്നതിന്റെ മുഴുവൻ ക്രെഡിറ്റും പിണറായി വിജയന് അവകാശപ്പെട്ടതാണ്. അദ്ദേഹം ആത്മാർത്ഥമായി ശ്രമിച്ചതിനാലാണ് ഇത് യാഥാർത്ഥ്യമാകുന്നത്. അമേരിക്കയിൽ വന്നപ്പോൾ അദ്ദേഹം അവിടത്തെ വൈറോളജി ലാബ് സന്ദർശിച്ചു. മുമ്പൊരു മുഖ്യമന്ത്രിയും ഇങ്ങനെ ചെയ്തിട്ടില്ല.
താങ്കൾ വലിയൊരു പങ്കുവഹിച്ചു.ഇവിടെ പദവികൾ ഒന്നും ഏറ്റെടുക്കില്ലേ?
ഒരു അഡ്വൈസറായി ഞാൻ എന്നും ഉണ്ടാകും. ഒരു പദവിയും പ്രതിഫലവും വേണ്ട. പൂന്താനം പാടിയതുപോലെ സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണം കെട്ട് നടപ്പാനില്ല. ഇത് എന്റെ നാടാണ്. ഇവിടെ മോഡൽ സ്കൂളിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണ് ഞാൻ പഠിച്ചത്. മനസാസ്മരാമി .