തിരുവനന്തപുരം: ആവി എൻജിനിൽ ഓടിയിരുന്ന 165 വർഷം പഴക്കമുള്ള തീവണ്ടിയിൽ വീണ്ടും ഒരു സവാരിഗിരി! തിരുവനന്തപുരം റെയിൽവേ ഡിവിഷനാണ് വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി കൽക്കരിവണ്ടിയിൽ കൂകിപ്പായാൻ വഴിയൊരുക്കുന്നത്.
നാഗർകോവിലിൽ നിന്ന് കന്യാകുമാരിയിലേക്കാണ് യാത്ര. ഒരു എൻജിനും ഒരു എ.സി.ബോഗിയുമുള്ള ഹെറിറ്റേജ് ട്രെയിൻ യാത്രയുടെ ഉദ്ഘാടനം ഡിവിഷണൽ റെയിൽവേ മാനേജർ ശിരിഷ് കുമാർ സിൻഹ നിർവഹിച്ചു.
നാഗർകോവിലിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് 3.30നായിരുന്നു ആദ്യയാത്ര. വിദേശികളടക്കമുള്ളവരാണ് ഇതിലുണ്ടായിരുന്നത്. റെയിൽവേ ആർക്കീവ്സിലെ എൻജിൻ പൊടിതട്ടിയെടുത്ത് നന്നാക്കിയാണ് സർവീസിന് ഉപയോഗിക്കുന്നത്. ആവി എൻജിനിൽ നിന്ന് ഡീസൽ എൻജിനിലേക്കും പിന്നീട് ഇലക്ട്രിക് എൻജിനിലേക്കും റെയിൽവേ മാറി. ഇന്നും നാളെയും രാവിലെ 10.30നാണ് അടുത്തയാത്ര. ബുക്കിംഗിന് നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നേരിട്ട് സമീപിക്കണം. മുൻകൂർ ബുക്കിംഗും ചാർട്ടേഡ് ആവശ്യങ്ങൾക്കും അനുസരിച്ചായിരിക്കും മറ്റ് സർവീസുകൾ. കൊച്ചിയിലും തൃശൂരിലും സർവീസ് നടത്താനും പദ്ധതിയുണ്ട്. എറണാകുളത്തുനിന്ന് വല്ലാർപാടത്തേക്ക് കായലിനു മുകളിലൂടെയുള്ള തീവണ്ടിയാത്ര ഉടൻ തയ്യാറാവും. ഇതിന്റെ ടിക്കറ്റ് നിരക്ക് തീരുമാനിച്ചിച്ചില്ല.
നാഗർകോവിൽ -കന്യാകുമാരി യാത്രാനിരക്ക്
ഇന്ത്യക്കാർക്ക് 750 രൂപ
കുട്ടികൾക്ക് 500 രൂപ
വിദേശികൾക്ക് 1500 രൂപ
ഒരേ സമയം യാത്ര 40 പേർക്ക്
''ആവി എൻജിൻ തീവണ്ടിയിൽ യാത്ര ചെയ്തിട്ടില്ലാത്തവർ ഏറെയുണ്ടാവും. അവർക്ക് പുതിയ അനുഭവം പകരുകയാണ് പദ്ധതിയുടെ ലക്ഷ്യം
-ശിരിഷ് കുമാർ സിൻഹ,
ഡിവിഷണൽ റെയിൽവേ മാനേജർ