തിരുവനന്തപുരം: ഫേസ്ബുക്ക് ഇല്ലായിരുന്നെങ്കിൽ ദീജയുടെ ജീവിതം വീൽചെയറിന്റെ ചതുരത്തിലൊതുങ്ങിയേനേ. കുഞ്ഞുന്നാളിൽ പോളിയോ വന്ന് ചിറകറ്റു വീണ ദീജ, ചക്രക്കസേരയിൽ കരഞ്ഞുതീർത്ത മുപ്പത്തിയഞ്ചു വർഷങ്ങൾക്കിപ്പുറം, ഫേസ്ബുക്ക് നൽകിയ ആശയത്തിൽ നിന്ന് അച്ചാർ കമ്പനി തുടങ്ങിയപ്പോൾ പേരിനു തിരഞ്ഞില്ല. നൈമിത്ര! പുതിയ സുഹൃത്ത്. വിധി നൽകിയ ഏകാന്തതയിൽ വൈകിയെത്തിയ സുഹൃത്തായിരുന്നു ദീജയ്‌ക്ക് ഫേസ്ബുക്ക്.
വർക്കല മുത്താന പാലവിള പുത്തൻവീട്ടിൽ ദീജ, മൂന്നാം വയസ്സിലാണ് തളർന്നുവീണത്. ചുമട്ടുതൊഴിലാളിയായ അച്ഛൻ സതീഷ് ഇളയമകളെ തോളിലെടുത്ത് ആശുപത്രികൾ കയറിയിറങ്ങിയപ്പോൾ കണ്ണീരുമായി അമ്മ സുധർമണി പിറകേ നടന്നു. അരയ്‌ക്കു കീഴോട്ട് തളർന്ന കുഞ്ഞു ദീജയുടെ ലോകം ഒടുവിൽ ചക്രക്കസേരയിൽ മുറികളിലും മുറ്റത്തുമൊതുങ്ങി.
ദീജയെ സ്‌കൂളിലയയ്‌ക്കാൻ ദിവസവും വണ്ടി ഏർപ്പാടാക്കാൻ ശേഷിയില്ലായിരുന്നു അച്ഛന്. പരാതികളില്ലാതെ അവൾ ചേച്ചി ദീപയുടെ പുസ്‌തകങ്ങളിലൂടെ അക്ഷരങ്ങളിലേക്കു പിച്ചവച്ചു. വായിക്കാനും എഴുതാനും സ്വപ്‌നം കാണാനും പഠിച്ചു. കുഞ്ഞുങ്ങൾക്ക് ട്യൂഷനെടുത്തും കരകൗശലവസ്‌തുക്കളുണ്ടാക്കി വിറ്റും അച്ഛനെ സഹായിക്കാൻ ശ്രമിച്ചു. തുച്ഛവരുമാനത്തിൽ നീക്കിയിരിപ്പ് നിരാശ മാത്രം.
കാഴ്‌ചയുടെ ദൂരത്തിനപ്പുറത്തെ ലോകത്തേക്കും സൗഹൃദങ്ങളിലേക്കും വഴിയില്ലാതെ ദീജ തന്നിലേക്കൊതുങ്ങി- ഒരുവർഷം മുമ്പ് ആ സ്‌മാർട്ട് ഫോൺ കൈയിലെത്തും വരെ. ഫേസ് ബുക്ക് സുഹൃത്തുക്കൾ വഴി ഓൺലൈൻ ബിസിനസിന്റെ സാധ്യതകളറിഞ്ഞപ്പോൾ തോന്നി- വീൽചെയറിലിരുന്ന് ചെയ്യാൻ പറ്റുന്നതെന്തുണ്ട്?
ആലോചനയ്‌ക്കിടയിൽ അച്ചാർ കച്ചവടത്തിൽ മനസ്സുതൊട്ടു. ഫേസ് ബുക്കിലെ കൂട്ടുകാരോട് ആഗ്രഹം പങ്കുവച്ചപ്പോൾ സഹായിക്കാൻ എല്ലാവരുമുണ്ട്. പാർട്‌ണർ ആയി നൗഷാദും എത്തിയതോടെ കാര്യങ്ങൾ വേഗത്തിലായി. അങ്ങനെയായിരുന്നു നൈമിത്രയുടെ പിറവി. അച്ചാറിനുള്ള മാങ്ങയും നാരങ്ങയും മുളകുമൊക്കെ നൗഷാദ് എത്തിക്കും. കൂട്ടുകൾ അരച്ചും പൊടിച്ചുമുണ്ടാക്കുന്നത് വീട്ടിൽത്തന്നെ. ഫേസ് ബുക്കിൽ പരസ്യം നൽകി ഓർഡറെടുത്ത് പാഴ്സൽ വഴിയാണ് വിപണനം. 79023 75735 എന്ന മൊബൈൽ നമ്പറിലും ഓർഡർ സ്വീകരിക്കും.
അച്ചാറുകളിൽ വെജും നോൺ- വെജുമുണ്ട്. ഇല്ലാത്തത് രാസപദാർത്ഥങ്ങളും കൃത്രിമനിറങ്ങളും. കച്ചവടം ക്ളിക്കായപ്പോൾ, ഡെലിവറി വേഗത്തിലേക്കാൻ കുടുംബത്തോടൊപ്പം താമസം ചടയമംഗലത്തേക്കു മാറ്റി. വീൽചെയറിലെ ജീവിതത്തിന് സ്വയം ചേർത്ത വിജയരുചിയുമായി 'നൈമിത്ര'യുടെ കൈപിടിച്ച് പൊതുവിപണിയിലേക്ക് ചുവടുവയ്‌ക്കാൻ ഒരുങ്ങുകയാണ് ദീജ
.