നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന ആവശ്യം ശക്തം. ഇക്കാര്യമുന്നയിച്ച് നാട്ടുകാർ സർക്കാരിന് പരാതി നൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായും ജനറൽ ആശുപത്രിയായും ഉയർത്തിയെങ്കിലും ആവശ്യത്തിന് സൗകര്യങ്ങളോ ഡോക്ടർമാരെയോ, മറ്റ് ജീവനക്കാരെയോ ആവശ്യമായ മരുന്നുകളോ നൽകിയിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. കോടികൾ മുടക്കി ബഹുനിലമന്ദിരങ്ങൾ പണിതെങ്കിലും അതുപൂർണമായി പ്രയോജനപ്പെടുത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ പൂർണമായി നിയമിച്ചിട്ടില്ല. ഉള്ളവർ തന്നെ നാല് മണിക്കൂർ തികച്ച് പണി എടുക്കുന്നതുമില്ല. ഒട്ടുമിക്ക ഡോക്ടർമാർക്കും ആശുപത്രിയ്ക്കു ചുറ്റും ക്ലിനിക്കുകൾ ഉണ്ട്. ആശുപത്രി ഡ്യൂട്ടി തീരുംമുമ്പേ ക്ലിനുക്കുകളിലേയ്ക്ക് ഡോക്ടർമാർ നെട്ടാേട്ടമാണ്.

മാത്രമല്ല, പാവപ്പെട്ട രോഗികൾക്കായുള്ള കാരുണ്യ, നീതി, മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും രോഗികൾക്ക് ആവശ്യമായ ഒരു മരുന്നും ഇവിടെ കിട്ടാറില്ല. കാരുണ്യയിൽ മരുന്നിന് പോകുമ്പോൾ നീതിയിൽ പോയി വാങ്ങിക്കൊള്ളൂ എന്നാണ് പറയുന്നത്. രോഗികൾ 250 മീറ്ററിലധികം ദൂരമുള്ള നീതിയിലെത്തുമ്പോൾ ഈ മരുന്ന് ഇവിടെ ലഭ്യമല്ല കാരുണ്യയിൽ പോയി വാങ്ങൂ എന്ന് പറഞ്ഞ് തിരിച്ചുവിടാറാണ് പതിവ്.

 ട്രോമാകെയറിലും അഴിമതിയാരോപണം

മൂന്ന് കോടി രൂപ മുടക്കി നിർമ്മിച്ച ട്രോമാകെയർ യൂണിറ്റ് നിർമ്മാണപ്പിഴവുമൂലം അടച്ചിട്ടിരിക്കുന്നത് അഴിമതി മൂലമാണെന്ന് ആക്ഷേപവുമുണ്ട്. ട്രോമാകെയർ യൂണിറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി എങ്കിലും പൂർണമായ രീതിയിൽ പ്രവർത്തനക്ഷമമല്ല. ആശുപത്രിയുടെ ട്രെയിനേജ് സംവിധാനം താറുമാറായി കിടക്കാൻ തുടങ്ങിയിട്ടും വർഷങ്ങളായി.