നിന്നനില്പിൽത്തന്നെ നിൽക്കുന്ന ദേശീയപാത വികസന പ്രശ്നത്തിൽ സർക്കാരിനൊപ്പം നിൽക്കാനുള്ള പ്രതിപക്ഷ നിലപാട് അഭിനന്ദനീയമാണ്. പതിറ്റാണ്ടുകളായി ദേശീയപാത എങ്ങനെയെങ്കിലുമൊന്ന് വികസിച്ചുകണ്ടാൽ മതിയെന്ന് കൊതിക്കുന്നവരാണ് ജനങ്ങൾ. സ്ഥലം ഏറ്റെടുക്കുന്നതിനെച്ചൊല്ലി ഉയർന്ന പ്രതിഷേധം ഇപ്പോൾ ഏതാണ്ട് അടങ്ങിയിട്ടുണ്ട്. പാത വികസനം 45 മീറ്ററിൽത്തന്നെ വേണമെന്നതിലും പൊതുധാരണയായിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്ഥലത്തിന് നിശ്ചയിക്കുന്ന വിലയാണ് ഇപ്പോഴത്തെ പ്രധാന തർക്കപ്രശ്നം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ഭൂമിവില വളരെ ഉയർന്നതാണ്. അതിനാൽ കേന്ദ്ര പാക്കേജിനു പുറത്ത് അധികം വരുന്ന തുക സംസ്ഥാനം തന്നെ വഹിക്കണമെന്നാണ് ദേശീയപാത അതോറിട്ടി നിലപാട്. കേന്ദ്ര പാക്കേജിൽ ഉൾപ്പെടാത്ത കച്ചവടക്കാർക്കും വാടകക്കാർക്കുമുള്ള പ്രതിഫലത്തിന്റെ കാര്യത്തിലും തർക്കം തുടരുകയാണ്. ഈ ബാദ്ധ്യതയും സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. എന്നാൽ ബാദ്ധ്യത മുഴുവൻ കേന്ദ്രം തന്നെ വഹിക്കണമെന്ന നിലപാടിൽ സംസ്ഥാനവും നിൽക്കുന്നതുകാരണം പാത വികസനം പ്രവൃത്തിപഥത്തിലെത്തുന്നില്ലെന്നത് വസ്തുതയാണ്. ഇതിനകം രണ്ടു റീച്ചുകളിൽ സ്ഥലമെടുപ്പ് പൂർത്തിയായതാണ്. പാത വികസനത്തിനായി അവിടങ്ങളിൽ ടെൻഡറും വിളിച്ചിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ടെൻഡറുകൾ തുറക്കാനോ മറ്റു നടപടികളിലേക്ക് നീങ്ങാനോ ആയിട്ടില്ല. സ്ഥലം ഏറ്റെടുത്തു കൈമാറിയാൽ ഉടൻ പണി ആരംഭിക്കുമെന്ന പഴയ നിലപാടിൽ നിന്ന് നാഷണൽ ഹൈവേ അതോറിട്ടി പിന്നോട്ടു പോയതിന്റെ സൂചനയാണിത്. ഇപ്പോൾത്തന്നെ വിലപ്പെട്ട ധാരാളം സമയം നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി പാഴിൽക്കളഞ്ഞു. പുതിയ പ്രശ്നങ്ങൾ ഉന്നയിച്ച് പദ്ധതി ഇനിയും വൈകിപ്പിക്കാനാണ് ശ്രമം. അതിനെതിരെയാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ രാഷ്ട്രീയ വ്യത്യാസം മറന്ന് പ്രതിഷേധം ഉയർന്നത്.
സംസ്ഥാനത്തിന്റെ വികസനത്തിന് ദേശീയപാത വികസനം അനിവാര്യമാണെന്നതിൽ ആർക്കും തർക്കമില്ലാത്ത സ്ഥിതിക്ക് അതു നടന്നുകിട്ടാൻ കൂട്ടായ ശ്രമം തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു. തർക്ക പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണം. അതിനായി ചിലപ്പോൾ ചില വിട്ടുവീഴ്ചകൾ വേണ്ടിവരും. കൂടിയ തോതിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തേണ്ടിവരും. കേരളത്തിന്റെ പാത വികസന പദ്ധതികളോട് ദുർമുഖം കാണിക്കുന്ന ആളല്ല കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി. ആവശ്യമായ സ്ഥലം ഏറ്റെടുത്തു തരൂ, ശേഷിക്കുന്ന കാര്യം താൻ നോക്കിക്കൊള്ളാമെന്ന് പലവട്ടം ഇവിടെ വന്ന് ഉറപ്പു നൽകിയ ആളാണദ്ദേഹം. ആ നിലയ്ക്ക് പാത വികസനവുമായി ബന്ധപ്പെട്ട തർക്ക പ്രശ്നങ്ങൾ അദ്ദേഹവുമായി നേരിട്ട് ചർച്ച നടത്തി പരിഹാരം കാണാവുന്നതാണ്. ഏതായാലും പാത വികസനം ഇനിയും അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയാലുള്ള ബുദ്ധിമുട്ട് കണക്കിലെടുക്കണം. ഏറ്റെടുക്കേണ്ട ഭൂമിക്ക് ഇപ്പോൾത്തന്നെ വില എത്രയോ മടങ്ങായി വർദ്ധിച്ചിട്ടുണ്ട്. പത്തു വർഷം മുൻപ് ഒരു സെന്റിന് 5.60 ലക്ഷമാണ് നഷ്ടപരിഹാരമായി നൽകേണ്ടിയിരുന്നത്. ഇപ്പോൾ അത് 12.87 ലക്ഷമായി ഉയർന്നിട്ടുണ്ട്. മരാമത്തു മന്ത്രി ജി. സുധാകരനാണ് ഈ കണക്ക് നിയമസഭയിൽ പറഞ്ഞത്. പാത വികസനം വൈകുന്നതനുസരിച്ച് നഷ്ടപരിഹാര പാക്കേജും പുതുക്കേണ്ടി വരും. അലൈൻമെന്റിനെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്ന പല പ്രദേശങ്ങളുമുണ്ട് . അവയ്ക്കും സത്വര പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെ എല്ലാവിധ പാത വികസനത്തിന്റെയും കാര്യത്തിൽ അതീവ താത്പര്യമെടുക്കുകയും അതിനായി അർപ്പണബോധത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന മരാമത്തു മന്ത്രി സുധാകരൻ തന്നെ മുൻകൈയെടുത്ത് ദേശീയപാത വികസന പദ്ധതി നേരിടുന്ന ദുർഘടങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കാവുന്നതാണ്. ഇതിനായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് പഴയ വാഗ്ദാനത്തെക്കുറിച്ച് ഓർമ്മിപ്പിക്കാവുന്നതാണ്. നേരത്തേ പാത വികസനം മുപ്പതു മീറ്ററിൽ മതിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുത്തിരുന്നു. വികസനം 45 മീറ്ററിലേക്ക് മാറിയപ്പോൾ അന്ന് ഏറ്റെടുത്തവരിൽ നിന്നു തന്നെ അധികഭൂമി ആവശ്യമായി വന്നിട്ടുണ്ട്. ഇവർക്ക് പ്രത്യേകമായി നഷ്ട പരിഹാര പാക്കേജ് നൽകേണ്ടിവരും. കേന്ദ്രം കനിഞ്ഞാലേ ഇതൊക്കെ സാദ്ധ്യമാകൂ. പാത വികസനത്തിന് പുതിയ തടസങ്ങൾ ഇത്തരത്തിൽ പലതുണ്ട്. കൂട്ടായ ശ്രമങ്ങളിലൂടെ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി എല്ലാറ്റിനും പോംവഴി കണ്ടെത്തണം. പാഴാക്കാൻ സമയം അധികമില്ലെന്നതാണ് ഏവരും ഓർമ്മിക്കേണ്ട പ്രധാന കാര്യം. ഗതാഗതത്തിരക്കിൽ വീർപ്പുമുട്ടുന്ന സംസ്ഥാനത്തെ പൊതു നിരത്തുകളിൽ പ്രഥമ സ്ഥാനത്തു വരുന്ന ദേശീയ പാതയുടെ സ്ഥിതി തുലോം പരിതാപകരമാണ്. മരാമത്തു വകുപ്പിനു കീഴിലുള്ള പാതകൾ പലതും മികച്ച നിലവാരത്തിൽ പുനർ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ മലയോര പാതയും തീരദേശ പാതയും താമസംവിന യാഥാർത്ഥ്യമാകും. ദേശീയപാത മാത്രമാണ് ലക്ഷ്യം പൂർത്തീകരിക്കാനാകാതെ കിടന്ന കിടപ്പിൽ ശേഷിക്കുന്നത്. ഇങ്ങനെയൊരു അവസ്ഥാവിശേഷമുണ്ടാകാനുള്ള കാരണങ്ങളെക്കുറിച്ചും രാഷ്ട്രീയ നേതൃത്വങ്ങൾ ചിന്തിക്കേണ്ട സമയമാണിത്. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രാദേശിക തലങ്ങളിൽ നടന്ന എല്ലാ പ്രക്ഷോഭങ്ങൾക്കും നേതൃത്വം വഹിച്ചത് ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ തന്നെയാണ്. തർക്ക പ്രശ്നങ്ങൾക്ക് കൂടിയാലോചന വഴി പരിഹാരമുണ്ടാക്കുന്നതിനു പകരം വഴിമുടക്കു സമീപനം സ്വീകരിച്ചതുകൊണ്ടാണ് ഇത്രകാലവും ദേശീയപാത വികസനം സാദ്ധ്യമാകാതെ പോയത്.
ദേശീയപാത വികസനം കേന്ദ്ര പദ്ധതിയാകയാൽ ഏറ്റെടുക്കുന്ന ഭൂമിക്ക് ഇപ്പോഴത്തെ നിരക്കിൽ നഷ്ട പരിഹാരം നൽകേണ്ടതും കേന്ദ്രമാണെന്ന് സംസ്ഥാനത്തിനു വാദിക്കാം. സംസ്ഥാന ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ നൽകുന്ന നഷ്ട പരിഹാരം ദേശീയ പാതയ്ക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് നൽകാനാവില്ലെന്ന സംസ്ഥാന നിലപാട് യുക്തിസഹമാണ്. കാരണം ദേശീയപാത വികസന പദ്ധതി ചെലവിന്റെ എത്രയോ ഇരട്ടി വേണ്ടിവരും നിലവിലെ മാനദണ്ഡ പ്രകാരം ഭൂമി ഏറ്റെടുക്കാൻ. ഇതൊക്കെക്കൊണ്ടാണ് ഭൂമി ഏറ്റെടുക്കാനുള്ള ചെലവ് പൂർണമായും കേന്ദ്രം ഏറ്റെടുക്കണമെന്നാവശ്യപ്പെടുന്നത്. പ്രതിദിനം 27 കിലോമീറ്റർ എന്ന കണക്കെ ദേശീയ പാത നിർമ്മാണം നടത്തുന്ന ഹൈവേ അതോറിട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊന്നും അത്ര വലിയ ബാദ്ധ്യതയല്ല. ദേശീയപാത വികസന പദ്ധതിയുടെ കാര്യത്തിൽ നിയമസഭയിൽ ദൃശ്യമായ ഭരണ - പ്രതിപക്ഷ ഐക്യം നല്ല ചുവടുവയ്പാണ്. അത് ഗുണകരമായ ഫലപ്രാപ്തിയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുക തന്നെ വേണം.