നെയ്യാറ്റിൻകര: നഗരസഭയിലെ വ്ലാങ്ങാമുറി വാർഡിലെ റോഡുകളുടെ ഇരുവശത്തും പൂന്തോട്ടം നിർമ്മിക്കുന്ന നൂതന പദ്ധതിക്ക് തുടക്കമിട്ട് കൗൺസിലർ. രൂക്ഷമായി വരുന്ന അന്തരീക്ഷ മലിനീകരണത്തിന് പരിഹാരം കാണുവാനും ഇക്കോഫ്രണ്ട്ലിയായി വാർഡിലെ റോഡുകൾ സൂക്ഷിക്കുവാനും റോഡുരുകിൽ മാലിന്യം കൊണ്ടിടുന്നത് തടയുവാനുമായാണ് റോഡിന് ഇരുവശത്തും പൂന്തോട്ടം വച്ചു പിടിപ്പിക്കുന്നതെന്ന് വാർഡ് കൗൺസിലർ ഗ്രാമം പ്രവീൺ പറയുന്നു. വാർഡ് കൗൺസിലറും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്നാണ് ചെടികൾ വച്ചു പിടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 200 അരളി തൈകൾ വച്ചു പിടിപ്പിച്ച് ആരംഭിച്ച ശ്രമമാണ് ഈ വർഷവും രണ്ടാംഘട്ടമായി തുടരുന്നത്. ഇക്കുറി 500 തൈകൾ വച്ചു പടിപ്പിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം കൗൺസിലർ ഗ്രാമം പ്രവീൺ ഉദ്ഘാടനം ചെയ്തു.