elctricpostt

മുടപുരം: ചിറയിൻകീഴ് പുളിമൂട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന പഴകി ദ്രവിച്ച ഇലക്ട്രിക് പോസ്റ്റ് നാട്ടുകാർക്ക് ഭീഷണിയാകുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ബാങ്കും കച്ചവട സ്ഥാപനങ്ങളും ജംഗ്ഷനടുത്തായി പ്രവർത്തിക്കുന്നുണ്ട്. മൂന്ന് ബസ് സ്റ്റോപ്പുകളും അനവധി ഓട്ടോ സ്റ്റാൻഡുകളും ഇവിടെയുണ്ട്. സ്കൂൾ വിദ്യാർത്ഥികളടക്കം നൂറുക്കണക്കിന് പേരാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. ഏതു നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലാണ് പോസ്റ്റ്. പുളിമൂട് ജംഗ്‌ഷനിൽ ആർ.വി ആശുപത്രിയുടെയും ഇമാബി ഡർബാർ ഹാളിന്റെയും ഗേറ്റുകൾക്ക് മദ്ധ്യഭാഗത്തായി നിലകൊള്ളുന്ന പോസ്റ്റ് നാട്ടുകാർക്കെല്ലാം പേടിസ്വപ്നമാണ്. പോസ്റ്റിന്റെ മൂന്നു കമ്പികളും തുരുമ്പെടുത്ത് ദ്രവിച്ച് വിള്ളൽ വീണിട്ടുണ്ട്. ഒരു കമ്പിയുടെ ബലത്തിലാണ് പോസ്റ്റ് നിൽക്കുന്നത്. ധാരാളം ഇലക്ട്രിക് വയറുകളും കടന്നുപോകുന്നുണ്ട്. ദ്രവിച്ച് ഒടിഞ്ഞുവീഴാൻ പാകത്തിൽ പുളിമൂട് ജംഗ്‌ഷനിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി അവിടെ പുതിയത് സ്ഥാപിക്കാൻ ചിറയിൻകീഴ് സെക്ഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതിനായി ജനപ്രതിനിധികൾ മുൻകൈ എടുക്കണമെന്നും സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി മനേഷ് കൂന്തള്ളൂർ ആവശ്യപ്പെട്ടു.