വെള്ളറട: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് കരാട്ടെ പരിശീലനം നൽകാൻ തുടങ്ങിയിട്ട് അഞ്ച് വർഷത്തോളമായി. ഇതോടെ ആയിരത്തിലേറെ പെൺകുട്ടികളാണ് സൗജന്യ പരിശീലനത്തിൽ കരാട്ടെ അഭ്യസിച്ചത്. ഗ്രാമപഞ്ചായത്ത് വർഷം തോറും കരാട്ടെ പരിശീലനം നടത്തുന്നതിന് ഒരു ലക്ഷം രൂപയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ, വെള്ളറട ഗവ. യു.പി സ്കൂൾ, കൂതാളി ഇ.വി.യു.പി സ്കൂൾ, ജയ മാത യു. പി. എസ് മാനൂർ എന്നീ സ്കൂളുകളിലെ കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ഓരോവർഷവും അൻപത് കുട്ടികൾക്കാണ് പരിശീനത്തിനുള്ള തുകയായ ഒരു ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് നൽകുന്നത്. എന്നാൽ പരിശീലനത്തിന് മത്സര ക്വട്ടേഷനുകാളാണ് പഞ്ചായത്തിന് ലഭിക്കുന്നത്. ഇതുകാരണം വളരെ കുറഞ്ഞതുകയ്ക്കാണ് ക്വട്ടേഷനെടുക്കുന്നത്. ക്വട്ടേഷനെടുക്കുന്നപരിശീലകൻ സെൻസായ് ഷാജി. എസ്. പണിക്കർ അൻപതുകുട്ടികൾക്ക് പകരം 200ലേറെ കുട്ടികളെയാണ് മൂന്നു സ്കൂളുകളിലായി പരിശീലിപ്പിക്കുന്നത്. നാല് മുതൽ ഏഴ് വരെ ക്ലാസുകളിലെ പെൺകുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ജപ്പാൻ കരാട്ടെ അസോസിയേഷനിൽനിന്നും കോഷികാ കരാട്ടെയുടെ കീഴിലും പരിശീലനം സിദ്ധിച്ച പരിശീലകൻ ചാരിറ്റി പ്രവർത്തനത്തിന്റെ പേരിലാണ് അൻപതികുട്ടികൾക്കു പകരം 200 കുട്ടികളെ പരിശീലിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ കൂട്ടായ പ്രവർത്തനവും പരിശീലനത്തിന് കരുത്ത് പകരുന്നു. വെള്ളറടയിലെ യു. പി ക്ളാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം സൗജന്യമായി ലഭിക്കുമെന്നുറപ്പാണ്. പദ്ധതി നടപ്പിലാക്കുന്നത് ഗ്രാമപഞ്ചായത്തിലെ പെൺകുട്ടികൾക്ക് കൂടുതൽ കരുത്ത് പകരട്ടെയെന്ന ഉദ്ദേശ്യത്തോടുകൂടിയാണ്.