തിരുവനന്തപുരം : 249 കായിക താരങ്ങൾക്ക് കൂടി ജോലി നൽകുന്നതിനു നടപടികൾ പുരോഗമിക്കുകയാണെന്നും അർഹരായ താരങ്ങൾക്ക് ജോലിനൽകാൻ സർക്കാരിന് മടിയില്ലെന്നും മന്ത്രി ഇ.പി. ജയരാജൻ. 2015ലെ ദേശീയ ഗെയിംസിലെ വിജയികൾ ജോലി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മെഡലുകൾ കായിക മന്ത്രിക്ക് തിരികെ നൽകുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജോലി വാഗ്ദാനം ചെയ്തിട്ട് നൽകാതിരുന്നത് ഉമ്മൻചാണ്ടി സർക്കാരാണ്. മെഡൽ തിരികെ നൽകുന്നെങ്കിൽ അത് ഉമ്മൻചാണ്ടിക്ക് കൊടുക്കുകയാണ് വേണ്ടത്. എൽ.ഡി.എഫ് സർക്കാർ 147 പേർക്ക് ജോലി നൽകിക്കഴിഞ്ഞു. ഇപ്പോൾ 249 പേരുടെ രേഖകൾ വാങ്ങി സൂക്ഷ്മ പരിശോധന നടത്തിവരികയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിക്ക് നിശ്ചിത യോഗ്യതവേണം. യോഗ്യത പരിശോധിച്ച് അർഹരെ കണ്ടെത്തുന്ന നടപടിയാണ് നടക്കുന്നത്. അത് കായികതാരങ്ങൾ മനസിലാക്കണം. എന്നെ കാണാൻ വന്ന താരങ്ങളോടെല്ലാം ഇത് പറഞ്ഞിട്ടുണ്ട്. പി.എസ്.സിയിൽ സ്‌പോർട്‌സ് റിസർവേഷന് തീരുമാനമെടുത്തത് ഈ സർക്കാരാണെന്നും ജയരാജൻ പറഞ്ഞു.