നെടുമങ്ങാട്: പനയമുട്ടം കരിക്കുഴി-മുളമൂട് റോഡുവക്കിൽ ആഞ്ഞിലി മരത്തിലെ തേനീച്ചക്കൂടുകൾ യു.പി സ്‌കൂൾ വിദ്യാർത്ഥികളുടെ പേടിസ്വപ്നമാവുന്നു. പത്തോളം വലിയ കൂടുകളാണ് മരക്കൊമ്പുകളിൽ തൂങ്ങി നിൽക്കുന്നത്. നിരവധി ചെറു കൂടുകളുമുണ്ട്. സമീപത്ത് പ്രവർത്തിക്കുന്ന ആട്ടുകാൽ സർക്കാർ സ്‌കൂളിലെയും മദ്രസ മതപഠന ശാലയിലെയും കുട്ടികൾ ഇതുവഴി കാൽനടയായാണ് സഞ്ചരിക്കുന്നത്. മറ്റു വഴിയാത്രികരും തേനീച്ചക്കൂടുകളെ ഭയന്നാണ് ഇവിടം താണ്ടുന്നത്. അടുത്തിടെ ചിലർക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. ഗ്രാമപഞ്ചായത്തോഫീസിലും വില്ലേജിലും അറിയിച്ചെങ്കിലും കൂട് നശിപ്പിക്കാൻ അധികൃതർ ഇടപെടുന്നില്ലെന്ന് പരാതിയുണ്ട്. വിതുരയിൽ അടുത്തിടെ തേനീച്ചയുടെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചതോടെ ഇവിടുത്തുകാരുടെ പേടി വർദ്ധിച്ചു. ഇടയ്ക്ക് തേനീച്ചയുടെ ആക്രമണം ഏൽക്കാറുണ്ടെങ്കിലും ഇതുവരെ ആർക്കും അപായം ഉണ്ടായിട്ടില്ല. എന്നാൽ കൂടുകളുടെ ദിനംപ്രതിയുള്ള വർദ്ധനവ് നാട്ടുകാരെ ആശങ്കയിലാക്കുകയാണ്.
അതേസമയം, ആനാട് പഞ്ചായത്തിലെ പുത്തൻപാലം-വെള്ളാഞ്ചിറ റോഡിൽ ആനാട് വില്ലേജ് ഓഫീസിനു സമീപത്തെ ഉയരമേറിയ ആഞ്ഞിലി മരത്തിൽ നാട്ടുകാർക്ക് ഭീഷണിയായിരുന്ന കടന്നൽ കൂട് സ്ഥലവാസികൾ തീവെച്ച് നശിപ്പിച്ചു. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും വാർഡ്‌മെമ്പർ പുത്തൻപാലം ഷഹീദും മുൻകൈ എടുത്താണ് കടന്നുകൂടുകൾ നശിപ്പിച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയരാജ്, കൊല്ലങ്കാവ് പ്രവീൺ, ഷാജി എന്നിവരടങ്ങിയ സംഘം പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു. മൂന്ന് മാസമായി പ്രദേശവാസികളുടെ ഉറക്കം കെടുത്തിയിരുന്ന കടന്നൽ ഭീഷണിയാണ് ഒഴിവായത്. വനം-ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെ നിരവധി തവണ അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.