നെടുമങ്ങാട്: നിർദ്ദിഷ്ട മാലിന്യപ്ലാന്റിനു വേണ്ടി സർക്കാർ സ്ഥലം നിശ്ചയിച്ച പെരിങ്ങമ്മലയിലെ ജില്ലാകൃഷിത്തോട്ടം വക ഭൂമിക്ക് പട്ടയമില്ലെന്ന വിവരാവകാശ രേഖ വിവാദത്തിലേക്ക്. രേഖകൾ ലഭിക്കുന്നതിനായി പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് കത്ത് നൽകിയിരിക്കുന്നുവെന്നാണ് ജില്ലാകൃഷിത്തോട്ടം സൂപ്രണ്ട് നൽകുന്ന വിശദീകരണം. പ്ലാന്റിനുവേണ്ടി നിശ്ചയിച്ച പ്രദേശം വർഷങ്ങൾക്ക് മുമ്പ് കൃഷിക്കായി വനംവകുപ്പിൽ നിന്ന് പാട്ടത്തിന് എടുത്തതാണെന്ന മാലിന്യപ്ലാന്റ് വിരുദ്ധ സമരസമിതിയുടെ ആക്ഷേപം ശരിവയ്ക്കുന്നതാണ് വിവരാവകാശ രേഖയിലെ വെളിപ്പെടുത്തലുകൾ. ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണിക്ക് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ കഴിഞ്ഞ 29 ന് നൽകിയ മറുപടിയിലാണ് ജില്ലാകൃഷിത്തോട്ടത്തിന് പട്ടയമില്ലെന്ന വിവരം പുറത്തായത്. കൃഷിത്തോട്ടത്തിന്റെ കീഴിലുള്ള ഭൂമിയെ കുറിച്ചോ, അതിർത്തി സംബന്ധിച്ചോ യാതൊരു രേഖയും കൃഷിവകുപ്പിന്റെ പക്കലില്ലെന്നാണ് വെളിപ്പെടുത്തൽ. 217.38 കി.മീറ്റർ സ്ക്വയറിൽ വ്യാപിച്ചു കിടക്കുന്ന പെരിങ്ങമ്മലയിൽ 67 ശതമാനവും നിത്യഹരിത വനമാണ്. ഇതിന്റെ ഭാഗമാണ് ജില്ലാകൃഷിത്തോട്ടം. കൃഷി ചെയ്യാൻ ഈ സ്ഥലം പാട്ടത്തിനെടുത്ത സംസ്ഥാന സർക്കാരിന് എഗ്രിമെന്റ് വ്യവസ്ഥയ്ക്ക് അപ്പുറം ഏതു പദ്ധതി നടപ്പിലാക്കണമെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കൃഷിത്തോട്ടത്തിൽ മാലിന്യപ്ലാന്റ് സ്ഥാപിക്കാൻ അനുമതി തേടി ഏതെങ്കിലും വകുപ്പോ, ഏജൻസിയോ ഇതേവരെ സമീപിച്ചിട്ടില്ലെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറുടെ വിവരാവകാശത്തിൽ വിശദീകരണമുണ്ട്.