തിരുവനന്തപുരം: ദയാമാതാ എവിടെപ്പോയി? മുനമ്പത്തു നിന്ന് നാലു ഗർഭിണികളും കൈക്കുഞ്ഞും ഉൾപ്പെടെ നൂറിലധികം പേരുമായി ആ ചെറുബോട്ട് പുറപ്പെട്ടിട്ട് ഇന്ന് മുപ്പതാം ദിവസം. ആസ്ട്രേലിയ ആണ് ലക്ഷ്യമെങ്കിൽ 7400 കിലോമീറ്റർ സമുദ്രദൂരം കടന്ന് ലക്ഷ്യമെത്താൻ 27 ദിവസം മതി. ഇരമ്പിയാർക്കുന്ന കടലിലൂടെ, നാവികസേനാ കണ്ണുകളും ഉപഗ്രഹ നിരീക്ഷണവും വെട്ടിച്ച്, പരിമിതമായ ഭക്ഷണവും കുടിവെള്ളവും മാത്രമുള്ള :'ദയാമാത' ഏതു തിരക്കൈകളുടെ മറവിലുണ്ട്? പൊലീസിന് ഒറ്റ മറുപടിയേയുള്ളൂ: അന്താരാഷ്ട്ര ഏജൻസികൾ തിരയുകയാണ്.
ശ്രീലങ്കൻ തമിഴരായ അനധികൃത കുടിയേറ്റക്കാരുമായി 'ദയാമാത' മുനമ്പത്തുനിന്ന് പുറപ്പെട്ടത് ജനുവരി 12 പുലർച്ചെ. 40 പേർക്കു മാത്രം കയറാവുന്ന ബോട്ട്. അതിൽ 120-ഓളം പേർ തിങ്ങിക്കയറിക്കാണും. 12,000 ലിറ്റർ ഇന്ധനവും ഉണക്കിയെടുത്ത പരിമിതമായ ഭക്ഷണവും കുടിവെള്ളവും കരുതിയിട്ടുണ്ടാവും. കടൽക്കൊള്ളാക്കാരുടെ ആക്രമണമുള്ള മേഖലയിലൂടെ, കൂറ്റർ സമുദ്രയാനങ്ങൾക്കിടയിലൂടെ, കൊലയാളി സ്രാവുകളുള്ള കടലിടുക്കുകളിലൂടെ 'ദയാമാത' എവിടെ മറഞ്ഞിരിക്കും?
അന്താരാഷ്ട്ര കപ്പൽച്ചാലിൽ, ആയിരക്കണക്കിന് കപ്പലുകൾക്കും ജലയാനങ്ങൾക്കുമിടയിൽ ഉപഗ്രഹ നിരീക്ഷണത്തിൽ ഒരു ചെറുബോട്ട് തിരിച്ചറിയുക എളുപ്പമല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്ഡനാഥ് ബെഹ്റ പറയുന്നു. തിരച്ചിലിന് ലോകരാജ്യങ്ങളുടെ സഹായമുണ്ട്. അന്താരാഷ്‌ട്ര പ്രോട്ടോക്കോളനുസരിച്ച് തിരച്ചിൽ നോട്ടീസുണ്ട്. മേഖലയിലെ നാവിക- വ്യോമസേനകൾക്കും കപ്പലുകൾക്കും വിവരം നൽകിയിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ മൂന്നു കപ്പലുകൾ അരിച്ചുപെറുക്കുന്നുണ്ട്. പക്ഷേ, ഒരു സൂക്ഷ്മദർശിനിയിലും 'ദയാമാത'യുടെ പേരു മാത്രം ഈ മുപ്പതു ദിവസവും പതിഞ്ഞില്ല.
''കടലിൽ 20 നോട്ടിക്കൽ മൈൽ കടക്കുമ്പോൾ പൊലീസിന്റെ അധികാരപരിധി അവസാനിക്കും. രാജ്യാന്തരതലത്തിൽ സഹായം തേടിയതിനാൽ തിരച്ചിലിൽ പ്രതീക്ഷയുണ്ട്. പ്രധാനആസൂത്രകൻ തക്കലക്കാരൻ ശ്രീകാന്തും ബോട്ടിലുണ്ടെന്നാണ് സൂചന''- അന്വേഷണഉദ്യോഗസ്ഥനായ അഡി.എസ്.പി എം.ജെ.സോജൻ പറയുന്നു. ആശങ്കകൾക്കും അന്വേഷണങ്ങൾക്കുമിടെ 'ദയാമാത' തീരമണയുമോ തിരയിലൊടുങ്ങുമോ എന്നു മാത്രം നിശ്ചയമില്ല.
ആശങ്ക
ആസ്ട്രേലിയയാണോ 11,470 കിലോമീറ്റർ അകലെയുള്ള ന്യൂസിലാൻഡാണോ ലക്ഷ്യമെന്ന് സ്ഥിരീകരണമില്ല. ന്യൂസിലാൻഡിലേക്കാണെങ്കിൽ 47ദിവസമെടുക്കും. ഇത്രയും ദിവസത്തേക്കുള്ള ഇന്ധനവും ഭക്ഷണവും കുടിവെള്ളവും ബോട്ടിലില്ല. കുട്ടികളും സ്ത്രീകളും രോഗബാധിതരാകാനിടയുണ്ട്. ഞൊടിയിടെ മാറുന്ന കാലാവസ്ഥയിൽ ചെറുബോട്ട് തകർന്നേക്കാം. നാവികസേനകളുടെ പിടിയിലകപ്പെടാനുമിടയുണ്ട്.
പ്രതീക്ഷ
ഇന്തോനേഷ്യ, മലേഷ്യ തീരങ്ങളിലോ ആസ്ട്രേലിയയ്ക്ക് 1500 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള ക്രിസ്‌മസ് ദ്വീപിലോ ബോട്ട് അടുക്കാൻ സാദ്ധ്യതയുണ്ട്. 2015ൽ 72 പേരുമായി പോയ ബോട്ട് ക്രിസ്‌മസ് ദ്വീപിൽ അടുപ്പിച്ചപ്പോൾ ആസ്ട്രേലിയൻ നേവി പിടികൂടിയിരുന്നു. നാവിക സേനകളുടെ പിടിയിലായാലും 15 ദിവസം കഴിഞ്ഞേ വിവരം പുറത്തുവിടൂ.
കിട്ടിയാൽ എന്തുചെയ്യും
ക്രിസ്‌മസ് ദ്വീപിലെത്തിയാൽ ആസ്ട്രേലിയൻ തീരസേനയോ നാവികസേനയോ പിടികൂടി ജയിലിലടയ്ക്കും. യുദ്ധം, ആഭ്യന്തരകലാപം എന്നിവയില്ലാത്ത രാജ്യത്തുനിന്നുള്ളവർ ആയതിനാൽ അഭയാർത്ഥിവിസ നൽകില്ല. സ്വന്തംരാജ്യത്തേക്ക് തിരിച്ചയയ്ക്കും. പരിശോധന പൂർത്തിയാകാൻ താമസമെടുക്കും. ഇക്കാലയളവിൽ ചില ദ്വീപുകളിലെ ജയിലുകളിലേക്ക് മാറ്റും. ഇന്ത്യയെ ഔദ്യോഗികമായി വിവരമറിയിച്ചാൽ നാവികസേനയ്ക്ക് തിരികെയെത്തിക്കാനാവും.
''ഏതെങ്കിലും ദ്വീപുകളിൽ നങ്കൂരമിടുമെന്നാണ് കരുതുന്നത്. കേന്ദ്രസർക്കാർ മുൻകൈയെടുത്ത് രാജ്യാന്തര തിരച്ചിൽ നടത്തുന്നുണ്ട്. വിലയിരുത്താൻ കേന്ദ്രത്തിൽ ഉന്നതതലയോഗം ചേരുന്നുണ്ട്. ഇതുവരെ വിവരമൊന്നുമില്ല''
ലോക്‌നാഥ് ബെഹ്റ
പൊലീസ് മേധാവി